13 കോടിയുടെ സ്വര്‍ണക്കവര്‍ച്ച: പ്രധാന പ്രതിയും കീഴടങ്ങി; 'പ്രൊഫസര്‍' മുരുഗന്‍ കാണാമറയത്ത്

By Web TeamFirst Published Oct 10, 2019, 7:23 PM IST
Highlights

ഒക്ടോബര്‍ രണ്ടിനായിരുന്നു തമിഴ്നാടിനെ ഞെട്ടിച്ച മോഷണം. തിരുച്ചിയിലെ ലളിത ജ്വല്ലറിയില്‍നിന്ന് ചുമര്‍ തുരന്ന് 13 കോടിയുടെ സ്വര്‍ണമാണ് സംഘം മോഷ്ടിച്ചത്.

തിരുവണ്ണാമലൈ: തമിഴ്നാട്ടിലെ തിരുച്ചിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് 13 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രധാന പ്രതി പി സുരേഷ് കോടതിയില്‍ കീഴടങ്ങി. വ്യാഴാഴ്ചയാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം 14വരെ സുരേഷിനെ റിമാന്‍റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. സിരുവാവൂര്‍ ജില്ലയിലെ സിറത്തോപ്പ് സ്വദേശിയാണ് സുരേഷ്. ഒക്ടോബര്‍ രണ്ടിനായിരുന്നു തമിഴ്നാടിനെ ഞെട്ടിച്ച മോഷണം.

തിരുച്ചിയിലെ ലളിത ജ്വല്ലറിയില്‍നിന്ന് ചുമര്‍ തുരന്ന് 13 കോടിയുടെ സ്വര്‍ണമാണ് സുരേഷും സംഘവും മോഷ്ടിച്ചത്. മുഖം മൂടി ധരിച്ച്, ആറ് കാവല്‍ക്കാരെ വെട്ടിച്ചായിരുന്നു മോഷണം. പ്രശസ്തമായ സ്പാനിഷ് വെബ് സീരീസ് മണി ഹെയ്സ്റ്റ് മാതൃകയിലാണ് സുരേഷും സംഘവും മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  സംഭവത്തില്‍ എട്ട് ജാര്‍ഖണ്ഡ് സ്വദേശികളും പ്രധാന പ്രതികളിലൊരാളായ മണികണ്ഠന്‍ എന്നൊരാളും  പിടിയിലായിരുന്നു. 

അതേസമയം, മോഷണത്തിന്‍റെ ആസൂത്രകനായ മുരുഗനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. നെറ്റ് ഫ്ലിക്സ് സീരീസായിരുന്ന മണി ഹെയ്സ്റ്റാണ് മോഷണത്തിന് മുരുഗനെ പ്രേരിപ്പിച്ചത്. ആസൂത്രണം ചെയ്തതും നടത്തിയതും മുരുഗന്‍റെ മേല്‍നോട്ടത്തിലായിരുന്നു. വെബ് സീരീസിലെ അവസാന സീസണിലെ സീനുകള്‍ക്ക് സമാനമായി മുരുഗന്‍ കാറില്‍ സഞ്ചരിച്ചുകൊണ്ടിരുക്കുകയാണെന്നും ഇയാള‍് വാക്കി ടോക്കി വഴി മാത്രമേ മറ്റ് പ്രതികളുമായി ബന്ധം പുലര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ മുരുഗന്‍റെ ലൊക്കേഷന്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.  

click me!