കേരളത്തിലേക്ക് വന്‍ തോതില്‍ വെള്ളി കള്ളക്കടത്ത്; മഞ്ചേശ്വരത്ത് ഒരാള്‍ പിടിയില്‍

By Web TeamFirst Published Dec 18, 2019, 6:22 PM IST
Highlights

രാജസ്ഥാന്‍ സ്വദേശി തരുൺ ടാമാണ് വെള്ളി ആഭരണങ്ങളുമായി പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. 

കാസര്‍കോട്: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന 13 കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി. മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വെള്ളി ആഭരണങ്ങൾ കണ്ടെത്തിയത്.

രാജസ്ഥാന്‍ സ്വദേശി തരുൺ ടാമാണ് വെള്ളി ആഭരണങ്ങളുമായി പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കർണാടക കെഎസ്ആർടിസി ബസിൽ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങൾ. ബാംഗ്ലൂരിൽ നിന്നും കാസർഗോട്ടെയും കണ്ണൂരിലേയും വിൽപനകേന്ദ്രത്തിലെത്തിക്കാനായാണ് വെള്ളി ആഭരണങ്ങൾ കടത്തിയതെന്നാണ് സൂചന.

ചെറു കവറുകളിലായാണ് വെള്ളി ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പിടികൂടിയ ആഭരണങ്ങളും പ്രതി തരുണിനേയും എക്സൈസ് സംഘം ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി. വടക്കൻ കേരളത്തിലെ പല ജ്വല്ലറികളിലേക്കും നികുതി വെട്ടിച്ച് ആഭരണങ്ങൾ എത്തിക്കുന്ന സംഘത്തിലെ അംഗമാണ് തരുണെന്നാണ് സൂചന. ഇയാൾ നേരത്തെ ഇത്തരത്തിൽ സ്വർണ ആഭരണങ്ങളും കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


 

click me!