
കോഴിക്കോട്: കട്ടിപ്പാറ വനത്തിനുള്ളിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ പൊലീസ് കസ്റ്റഡിയിൽ. മരിച്ച ലീലയുടെ ഭർത്താവ്, സഹോദരി ഭർത്താവ് രാജൻ എന്നിവരടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ലീലയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ലീലയുടെ സഹോദരി ഭർത്താവ് രാജനാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മുൻപ് ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന രാജൻ ഈയടുത്താണ് മോചിതനായത്.
മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന തുടങ്ങി. ലീലയുടെ കൊലപാതകത്തിൽ രാജന് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ കൊലപാതകം സംബന്ധിച്ച കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്. വനത്തിനുള്ളിൽ വെച്ച് മദ്യ ലഹരിയിൽ നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. വനത്തിൽ ഇവർക്ക് ഒപ്പം പോയവർ പോലീസിന് നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം ആരുടെയും അറസ്റ്റ് കേസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഇരുപത് ദിവസം മുമ്പാണ് ലീലയെ വീട്ടിൽ നിന്നും കാണാതാവുന്നത്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം ലീലയും ഭർത്താവ് രാജഗോപാലും, രാജനും ചേർന്ന് മദ്യപിച്ചിരുന്നുവെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam