
ആലപ്പുഴ: ഒറ്റമശേരി ഇരട്ടക്കൊലപാതകത്തിൽ പ്രതികൾ എന്ന് കണ്ടെത്തിയ അഞ്ച് പേർക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം പ്രതികൾ നൽകണമെന്നും ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ നീതി ലഭിച്ചെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതികരിച്ചു.
കേസിൽ പ്രതികളായ പട്ടണക്കാട് സ്വദേശി പോൾസൺ, സഹോദരൻ ടാലിഷ്, ലോറി ഡ്രൈവർ ഷിബു, സഹോദരങ്ങളും ചേർത്തല സ്വദേശികളുമായ അജേഷ്, വിജേഷ് എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പട്ടണക്കാട് സ്വദേശി ജോൺസൺ, സുഹൃത്തായ ജസ്റ്റിൻ എന്നിവരെ പ്രതികൾ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനായി പ്രതികൾ വ്യക്തമായ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അപകടമരണമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളി.
2015 നവംബർ 13 നാണ് അതിക്രൂരമായ കൊലപാതകം നടന്നത്. പെയിന്‍റിംഗ് ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങിയ ജോൺസനെയും ജസ്റ്റിനെയും ഒറ്റമശേരിയിൽ വച്ച് ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിർത്താതെ പോയ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതോടെ നാട്ടുകാർ വാഹനവും ഡ്രൈവറായിരുന്ന ഷിബുവിനെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതാണ് കേസിൽ വഴിത്തിരിവായത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ കോടതി വെറുതെവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam