കുടുംബത്തിന്റെ അഭിമാനം കാക്കാൻ കാമുകനൊപ്പം ചേർന്ന് കൊലപാതകം, ഒടുവിൽ കസ്റ്റഡിയിൽ പരസ്പരം പഴിചാരി സിയയും ചേതനും

Published : Jun 25, 2026, 07:21 PM IST
ketan agarwal murder

Synopsis

പ്രീ വെഡ്ഡിംഗ് ഷൂട്ടിന് മുൻപായി ആരംഭിച്ച കൊലപാതക ശ്രമം നാലാം തവണയാണ് ലക്ഷ്യത്തിലെത്തിക്കാൻ സിയയ്ക്ക് സാധിച്ചത്. ബാലിയിൽ നടക്കാനിരുന്ന പ്രീ വെഡ്ഡിംഗ് ഷൂട്ടും സിയ മുടക്കിയിരുന്നു

പൂനെ: കാമുകനൊപ്പം ഒളിച്ചോടിയാൽ വീട്ടുകാർക്ക് നാണക്കേടുണ്ടാകുമെന്ന് ഭയന്ന് ഭാവിവരനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ മാസങ്ങൾക്ക് മുൻപ് പരിചയപ്പെട്ട കാമുകനെ തള്ളി സിയ ഗോയൽ. 25കാരനായ കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പരസ്പരം പഴി ചാരുകയാണ് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും. ദേശീയ തലത്തിൽ കേസ് ശ്രദ്ധിക്കപ്പെട്ടതോടെ കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പരസ്പരം മേൽ കെട്ടിവെക്കാനാണ് പ്രതികൾ രണ്ടുപേരും ഇപ്പോൾ ശ്രമിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനും സക്സസ് ഗ്രൂപ്പ് ബിസിനസ്സ് സ്ഥാപനത്തിലെ ഡയറക്ടറുമായ കേതൻ അഗർവാൾ ജൂൺ 18ന് പൂനെക്കടുത്തുള്ള ലോഹഗഡ് കോട്ടയ്ക്ക് സമീപമുള്ള ആഴമേറിയ മലയിടുക്കിലേക്ക് വീണാണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടയിലുണ്ടായ അപകടം എന്നായിരുന്നു സംഭവം തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കേതനെ മലമുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. കേതന്റെ പ്രതിശ്രുത വധുവായ സിയയും കാമുകൻ ചേതനും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് വ്യക്തമായതിനെത്തുടർന്ന് കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജൂൺ 23ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് ചോദ്യം ചെയ്യലിൽ, തനിക്ക് സിയയുമായി ഒളിച്ചോടാനായിരുന്നു താല്പര്യമെന്നും എന്നാൽ കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി നിർബന്ധപൂർവ്വം മുന്നോട്ട് വെച്ചത് സിയയാണെന്നുമാണ് ചേതൻ അവകാശപ്പെടുന്നത്. എന്നാൽ സിയ ഇതിനെ പൂർണ്ണമായി നിഷേധിക്കുകയും കേതനെ കൊല്ലുക എന്നത് ചേതന്റെ മാത്രം ആശയമായിരുന്നുവെന്നാണ് പൊലീസിന് നൽകിയിട്ടുള്ള മൊഴി. ജൂൺ 14ന് കേതനെ വധിക്കാനായി നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്ന് കരഞ്ഞിരുന്നുവെന്നും സിയ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി പ്രതികൾ രണ്ടുപേരും നടത്തുന്ന പ്രതിരോധ തന്ത്രങ്ങളാണ് ഈ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതികൾ രണ്ടുപേർക്കും കേതനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇരുവരും മെയ് 31നും ജൂൺ 4നും ഇടയിൽ പൂനെയിലെ ഒരു കഫേയിൽ വെച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും, ഈ കൂടിക്കാഴ്ച കൊലപാതകത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വിശദമാക്കിയിട്ടുള്ളത്. ജനുവരി മുതൽ ജൂൺ 18നിടെ 2000ലേറെ തവണയാണ് സിയയും ചേതനും ഫോണിലൂടെ സംസാരിച്ചിട്ടുള്ളത്. 238 മണിക്കൂറാണ് ഇവർ സംസാരിച്ചിട്ടുള്ളതെന്നാണ് കാൾ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ വ്യക്തമായിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയതായിരുന്നു കേതൻ. കേതന്റെ കുടുംബവും സിയയുടെ കുടുംബവും 1990കൾ മുതൽക്കേ പരസ്പരം അറിയുന്നവരായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഗുൽബർഗയിൽ വെച്ചുനടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് കുടുംബാംഗങ്ങൾ ആലോചിക്കുകയും ഫെബ്രുവരി 19ന് ഇവരുടെ വിവാഹനിശ്ചയം വളരെ പെട്ടെന്ന് തന്നെ നടത്തുകയും ചെയ്തു. എന്നാൽ സിയ നേരത്തെ തന്നെ ചേതനുമായി പ്രണയത്തിലായിരുന്നതിനാലും കേതനെ വിവാഹം കഴിക്കാൻ ഒട്ടും താല്പര്യമില്ലാതിരുന്നതിനാലും ഈ ബന്ധം ഒഴിവാക്കാൻ അവൾ ആഗ്രഹിച്ചിരുന്നു.രാജസ്ഥാനിലെ ഒരു കൊട്ടാരത്തിൽ വെച്ച് അതിഗംഭീരമായ രീതിയിൽ ഇവരുടെ വിവാഹം ഈ വർഷം അവസാനം നടത്താനായിരുന്നു കുടുംബങ്ങൾ നിശ്ചയിച്ചിരുന്നത്. ജൂൺ 18ന് കോട്ടയിൽ നിന്നും കേതൻ താഴേക്ക് വീണ ഉടൻ തന്നെ സിയ തന്നെയാണ് വിവരം കേതന്റെ കുടുംബത്തെയും പൊലീസിനെയും അറിയിച്ചത്. എന്നാൽ സംഭവത്തെക്കുറിച്ച് സിയ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും പരസ്പരബന്ധമില്ലായ്മയുമാണ് പൊലീസിന് സംശയമുണ്ടാക്കിയത്. ആദ്യം കേതൻ ഫോട്ടോ എടുക്കുന്നതിനിടയിൽ വഴുതി വീണതാണെന്ന് പറഞ്ഞ സിയ, പിന്നീട് തനിക്ക് വെള്ളക്കുപ്പി തരുന്നതിനിടയിലാണ് കേതൻ വീണതെന്ന് മാറ്റിപ്പറഞ്ഞു. തുടർന്ന് കോട്ടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ വ്യക്തി ചേതനാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് മുൻപായി കേതനെ കൊലപ്പെടുത്താൻ സിയ ശ്രമിച്ചിരുന്നു. മെയ് 31ന് ആയിരുന്നു ആദ്യ ശ്രമം. അന്നും ഇതേ കോട്ടയ്ക്ക് മുകളിൽ നിന്ന് കേതനെ തള്ളിയിടാൻ ശ്രമിച്ചെങ്കിലും വള്ളിച്ചെടിയിൽ പിടിച്ച് യുവാവ് രക്ഷപ്പെടുകയായിരുന്നു. പെട്ടന്ന് പാമ്പിനെ കണ്ട് ഭയന്നപ്പോൾ സംഭവിച്ചതെന്നായിരുന്നു തള്ളാനുണ്ടായ കാരണമായി സിയ കേതനോട് വിശദമാക്കിയത്. ജൂൺ 4 ന് കേതനെ വീണ്ടും കോട്ടയിലെത്തിക്കാൻ സിയ ശ്രമിച്ചെങ്കിലും കേതന്റെ അമ്മ വീണ്ടും അപകടമുണ്ടായ സ്ഥലത്തേക്ക് പോകാൻ അനുവദിക്കാതെ വരികയായിരുന്നു. ജൂൺ 14ന് സിയ കേതനുമായി കോട്ടയിലെത്തിയെങ്കിലും അന്ന് കോട്ട കാണാനെത്തിയവരുടെ തിരക്ക് മൂലം കൊലപാതക ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടയിൽ ബാലിയിൽ വച്ചുള്ള പ്രീ വെഡ്ഡിംഗ് ഷൂട്ട് സിയ മുടക്കിയിരുന്നു. സിയ, സഹോദരൻ, കേതനും സഹോദരിയുമായിരുന്നു ബാലിയിലേക്ക് പുറപ്പെട്ടത്. എന്നാൽ വിമാനത്താവളത്തിലെത്തിയപ്പോൾ കേതന്റെ പാസ്പോർട്ട് കാണാതെ വന്നതോടെ യാത്ര മുടങ്ങിയിരുന്നു. ബാലി യാത്ര ചേതൻ എതിർത്തിരുന്നതിനാൽ സിയ കേതന്റെ പാസ്പോർട്ട് മാളിലെ ശുചിമുറിയിൽ കീറിക്കളഞ്ഞതായും പൊലീസിനോട് യുവതി മൊഴി നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏറ്റവുമടുത്ത സുഹൃത്ത് രോ​ഗബാധിതനായി കിടപ്പിൽ, കാണാനെത്തിയ യുവാവിന് നേർക്ക് ആസിഡ് ആക്രമണം, സഹോദരൻ പിടിയിൽ
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ‌, ഞെട്ടിപ്പിക്കുന്ന ക്രൂരത ദില്ലിയിൽ