സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുകയും ആയിരുന്നു ഇയാളുടെ രീതി

പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ ചതിച്ച് പണം തട്ടുന്ന പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) ആണ് പിടിയിലായത്. പത്തനംതിട്ട സൈബർ ക്രൈം പോലീസാണ് 40കാരനെ അറസ്റ്റ് ചെയ്തത് . പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐപിഎസിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുകയും ആയിരുന്നു ഇയാളുടെ രീതി. പ്രതിയുടെ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്. പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മലപ്പുറം , മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യത്തിന് അൻസാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ ശ്രീജിത്ത് .പി, എസ്ഐ നിഥിൻ ആർ , എഎസ്ഐ സുരേഷ് വിസി , സിപിഒ അരുൺ ആർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം