
കല്‍പ്പറ്റ: വയനാട്ടിലെ കെന്‍സ വെല്‍നസ് സെന്‍റർ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കെന്‍സ ഹോള്‍ഡിംഗ്‌സ് ചെയര്‍മാൻ ഷിഹാബ് ഷായ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്. പ്രതിയുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിദേശത്ത് ഒളിവിൽ കഴിയുന്ന ഷിഹാബ് ഷായെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം.
വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിനു സമീപം പഞ്ചനക്ഷത്ര വില്ലകൾ പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഷിഹാബ് ഷാ പ്രവാസി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് പരാതി. കെന്‍സ ഹോള്‍ഡിംഗ്‌സിനെതിരായ കേസുകള്‍ പൊലീസ് അട്ടിമറിക്കുന്നു എന്ന നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പത്തുകോടിയലതികം രൂപ ചെയർമാൻ ഷിഹാബ് ഷാ തട്ടിയെടുത്തതായി കാണിച്ച് 12 നിക്ഷേപകരാണ് പൊലീസിൽ പരാതി നൽകിയത്.
കെട്ടിട നിര്‍മ്മാണത്തിനായി നിക്ഷേപകരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന പരാതിയിൽ പടിഞ്ഞാറത്തറ പൊലീസ് നാല് കേസുകൾ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കോടതി അറിയിച്ചു. എന്നാൽ ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ഷിഹാബ് ഷാ ഒളിവിൽ കഴിയുന്നത് ദുബായിലാണെന്നാണ് വിവരം.
തരിയോട് പഞ്ചായത്തിലെ പഞ്ചനക്ഷത്ര റിസോര്‍ട്ട് പദ്ധതി പിന്നീട് കെന്‍സ വെല്‍നസ് സെന്റർ എന്ന പേരിൽ ആശുപത്രിയാക്കി മാറ്റിയിരുന്നു. ഇതിന്റെ പേരിലും പ്രവാസികളില്‍ നിന്ന് പ്രതി വന്‍തുക നിക്ഷേപം സ്വീകരിച്ചു. നിര്‍മ്മാണ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി പിന്നീടുള്ള കെട്ടിട നിർമാണം തടഞ്ഞു. നിക്ഷേപകര്‍ നല്‍കിയ സിവില്‍ കേസുകളിൽ റിക്കവറി നടപടികൾ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam