കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മോഷ്ടിച്ചു; മദ്രസ അധ്യാപകൻ പിടിയിൽ

By Web TeamFirst Published Sep 8, 2020, 10:47 AM IST
Highlights

സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും കൊണ്ടുവരാന്‍ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ്.

കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ മതപഠനത്തിനെത്തുന്ന കുട്ടികളെ കരുവാക്കി വീട്ടിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്ത കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. ഉളിക്കൽ നുച്ചിയാട് മദ്രസയിലെ അബ്ദുൾ കരീം (60) ആണ് പിടിയിലായത്. ഇയാൾ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ് പറയുന്നു.

സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും കൊണ്ടുവരാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. സംഭവം  പുറത്ത് പറഞ്ഞാൽ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്നും, സംസാര ശേഷി ഇല്ലാതാകുമെന്നും ഇയാൾ കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ആഴ്ച ഉളിക്കലിലെ ഒരു വീട്ടിൽ നിന്ന് അഞ്ചര പവൻ സ്വർണം കാണാതായ സംഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കരീമിന്‍റെ തട്ടിപ്പുകൾ പുറത്താകുന്നത്. ശേഷം നാടുവിട്ട ഇയാളെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഉളിക്കൽ പൊലീസ് പിടികൂടുന്നത്.

ഇയാൾക്കെതിരെ അഞ്ചിലധികം പരാതികൾ കിട്ടിയതായും, ഒരു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. 

click me!