വിവാഹവാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 25 വർഷം തടവ്

By Web TeamFirst Published Oct 29, 2021, 8:25 PM IST
Highlights

ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്.

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ അധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം ചെയ്താണ് 15 കാരിയെ പീഡിപ്പിച്ചത്. വിവാഹത്തിൽ നിന്നും പിൻമാറിയപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ സ്ഥലത്തെത്തിയ അബ്ദുള്‍ റഹ്മാൻ മർദ്ദിക്കുകയും ചെയ്തു. മദ്രസ അധ്യാപകനായതിനാൽ വീട്ടുകാർക്ക് സംശയം തോന്നിയിരുന്നില്ല. പൂന്തുറ പൊലീസിൽ പിന്നീട് അബ്ദുൾ റഹ്മാൻ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നൽകി. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ആണ് ഹാജരായത്. പിഴ തുക കുട്ടിക്ക് നൽക്കണമെന്നാണ് വിധി. പ്രതി ഇത്തരം കുറ്റം ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകാണമെന്നും വിധിയിൽ പറയുന്നുണ്ട്.

click me!