
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റിൽ. ഒരു വർഷത്തിൽ അധികമായി ഒളിവിൽ കഴിഞ്ഞ ചാലപ്പുറം സ്വദേശി പി പി ഷബീറിനെ വയനാട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രധാന പ്രതിയെ പിടികൂടിയത്. പൊഴുതനയിൽ ബിനാമി പേരിൽ നിർമിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ, വേഷം മാറിയെത്തിയപ്പോൾ ആയിരുന്നു അറസ്റ്റ്.
2021 ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ബെംഗളൂരു എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിൽ ഉൾപ്പടെ രണ്ട് പേരെ കേസിൽ നേരത്തെ അറസ്റ്റിൽ ചെയ്തിരുന്നു. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലും സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ പൊലീസ് കണ്ടെത്തി. കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ചുകളിൽ നിന്ന് കാശ്മീരിലേക്കും പാകിസ്താനിലേക്കും കോളുകൾ പോയെന്നും അന്വേഷണത്തിൽ വ്യക്തമായി.
മുഖ്യപ്രതിയെ പിടികൂടിയതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കേസിൽ 46 കോടിയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇഡി അന്വേഷണത്തിന് കൂടി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ശുപാർശ നൽകി. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാൽ എൻഐഎ അന്വേഷണം വേണമെന്ന് പൊലീസ് നേരെത്തെ
ശുപാർശ നൽകി എങ്കിലും നടപടിയുണ്ടായില്ല.
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
പിടിയിലായ ഷബീറിനായി നേരത്തെ പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഷബീറിനാണ് കേസില്‍ നിർണായക പങ്കുള്ളതെന്നാണ് പൊലീസ് കണ്ടെത്തൽ. കോഴിക്കോട് നഗരത്തില്‍ അന്വേഷണസംഘം പിടികൂടിയതുൾപ്പടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സമാന്തര എക്സ്ചേഞ്ചുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. കേരളത്തിലെ കോഴിക്കോടിന് പുറമേ, മലപ്പുറം, കൊരട്ടി, കൊച്ചി എന്നിവിടങ്ങളിലും ഡൽഹി, നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, എന്നിവിടങ്ങളിലെല്ലാം സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചെന്നാണ് അന്വേഷണസംഘം സ്ഥിരീകരിച്ചത്. 2010 മുതൽ മൊബൈൽ ഫോണുള്ള ആരുമായും ട്രാക്ക് ചെയ്യപ്പെടാതെ സംസാരിക്കാൻ പ്രതികൾ പണമീടാക്കി സംവിധാനമൊരുക്കി. 2015 മുതൽ പ്രവർത്തനം വിപുലമാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.