
മലപ്പുറം: വളാഞ്ചേരിയിൽ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിലായി. ഊരകം സ്വദേശികളായ യഹിയ,മന്സൂര് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വളാഞ്ചേരിയിൽ പരിശോധന നടന്നത്. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലായിരുന്നു പരിശോധന. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്. കുറ്റിപ്പുറം ഭാഗത്തേക്ക് രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്നു ഒരു കോടി 68 ലക്ഷം രൂപ. കാറിന്റെ ഹാന്റ് ബ്രേക്കിന്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇത്രയധികം പണം സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ് അറിയിച്ചു.
അതിനിടെ, കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും 2466ഗ്രാം സ്വർണം പിടിച്ചു. വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച 1812 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1817 ഗ്രാമിലേറെ സ്വർണവും പിടിച്ചെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് നസീഫിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഡിആർഐയും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തിയത്.
Read Also: ചിക്കൻ കറി കിട്ടിയില്ല; വാക്കുതർക്കം, അടിപിടി; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam