പൊലീസ് ക്യാന്റീന്‍ ജീവനക്കാരിയായ യുവതി മരിച്ചു; കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് ഭര്‍ത്താവിന്റെ പരാതി

By Web TeamFirst Published May 13, 2020, 9:20 AM IST
Highlights

മെയ് ഏഴിന് ക്യാന്റീന്‍ ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് യുവതിയെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്.
 

ഭുവനേശ്വര്‍: ഒഡിഷയില്‍ പൊലീസ് ക്യാന്റീന്‍ ജീവനക്കാരി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മാല്‍ക്കന്‍ഗിരിയിലെ പൊലീസ് ജില്ലാ ആസ്ഥാനത്തെ ക്യാന്റീനില്‍ ജീവനക്കാരിയായിരുന്നു യുവതിയാണ് മരിച്ചത്. മെയ് ഏഴിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജോലി സ്ഥലത്താണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഗുരതരമായി പരിക്കേറ്റ യുവതി നാല് ദിവസം ആശുപത്രിയില്‍ കിടന്നെങ്കിലും രക്ഷപ്പെട്ടില്ല. സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബോധം തെളിയാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല. പ്രതികളെ സംബന്ധിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. എസ്എല്‍എന്‍ മെഡിക്കല്‍ കോളേജിലായിരുന്നു യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. 

മെയ് ഏഴിന് ക്യാന്റീന്‍ ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് യുവതിയെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ശരീരത്തെ പാടുകളും മുറിവുകളും കണ്ട് സംശയം തോന്നിയ ഭര്‍ത്താവ് മെയ് ഒമ്പതിന് പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം അറിയൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
 

click me!