
ദില്ലി: വീട്ടുടമസ്ഥനെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ മംഗോൽപുരിയിലാണ് സംഭവം. ഓഗസ്റ്റ് ഒമ്പതിനാണ് വീട്ടുടമസ്ഥനെ 25കാരനായ പങ്കജ് കുമാർ സാഹ്നി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സുരേഷ് എന്നയാളാണ് മരിച്ചത്. പ്രതി സ്ഥലംവിടും മുമ്പ് മൃതദേഹത്തിനൊപ്പം സെൽഫിയെടുക്കുകയും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥൻ അപമാനിച്ചതിന് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാറിലെ സമസ്തിപൂർ സ്വദേശിയാണ് പങ്കജ് കുമാർ സാഹ്നി.
ഓഗസ്റ്റ് 10ന് രാവിലെ 6.41നാണ് കൊലപാതകം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തന്റെ പിതാവ് അടുത്തിടെ പങ്കജ് സാഹ്നിക്ക് അവരുടെ വീടിന്റെ രണ്ടാം നില വാടകയ്ക്ക് നൽകിയതായി ജഗദീഷ് പൊലീസിനോട് പറഞ്ഞു. ഓഗസ്റ്റ് ഒമ്പതിന് മദ്യപിച്ച് വീട്ടിൽ തിരിച്ചെത്തിയ സാഹ്നി സുരേഷുമായി വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് സുരേഷിനോടും ജഗദീഷിനോടും സാഹ്നി മാപ്പ് പറഞ്ഞു. എന്നാൽ, അടുത്ത ദിവസം, സാഹ്‌നി ജഗദീഷിനെ വിളിച്ചു. സുരേഷ് തന്നെ അസഭ്യം പറഞ്ഞതിനാൽ ഓഗസ്റ്റ് 9 ന് രാത്രി വീട് വിടുകയാണെന്ന് അറിയിച്ചു.
ജഗദീഷ് മുകളിലേക്ക് ഓടിയെത്തിയപ്പോൾ തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ പിതാവ് കിടക്കുന്നതാണ് കണ്ടത്. പ്രതി ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഹരിയാനയിലെ റോഹ്തക്കിൽ എത്തി. പിന്നീട് മംഗോൾപുരി ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. സുരേഷ് തന്നെ അപമാനിക്കുകയും വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി സാഹ്നി പറഞ്ഞു. ഇതിൽ പ്രകോപിതനായി ചുറ്റിക ഉപയോഗിച്ച് ഉറക്കത്തിൽ അടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.