മലപ്പുറം നഗരമധ്യത്തിൽ നാല് കിലോ കഞ്ചാവുമായി മധ്യവയസ്‌ക്കൻ പിടിയിൽ

By Web TeamFirst Published Nov 1, 2019, 8:58 PM IST
Highlights

ആന്ധ്രാപ്രദേശിൽ നിന്ന് രണ്ട് കിലോ വീതമുള്ള പാർസലുകളുമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാർക്ക് നൽകാനായി എട്ടായിരം രൂപക്ക് എത്തിച്ച കഞ്ചാവ് 25000 രൂപക്ക് വരെ വിൽപ്പന നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു

മലപ്പുറം: മലപ്പുറം നഗരമധ്യത്തിൽ വൻ കഞ്ചാവ് വേട്ട. നാല് കിലോ കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് പിടിയിലായി. ചാലിൽതൊടിക വീട്ടിൽ അബ്ദുൽ ഖാദർ ആണ് പിടിയിലായത്. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം റൈഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി അശോക് കുമാറും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. 

ഇന്ന് വൈകുന്നേരം നാലുമണിയോടെ മലപ്പുറം കുന്നുമ്മൽ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്ന് രണ്ട് കിലോ വീതമുള്ള പാർസലുകളുമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാർക്ക് നൽകാനായി എട്ടായിരം രൂപക്ക് എത്തിച്ച കഞ്ചാവ് 25000 രൂപക്ക് വരെ വിൽപ്പന നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വിശദമാക്കി. ഈ കണ്ണിയിലെ മറ്റുള്ളവരെ കുറിച്ചും സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 

ഒരാഴ്ച മുമ്പ് മിനി ഊട്ടിയിൽ നിന്ന് പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാള്‍ അടങ്ങുന്ന കഞ്ചാവ് സംഘത്തിന്റെ പ്രവർത്തനം എക്‌സൈസ് വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ വി കുഞ്ഞിമുഹമ്മദ്, ടി ബാബു രാജൻ, വി അരവിന്ദൻ, വി മായിൻ കുട്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ സി അച്ചുതൻ, വി കെ ശംസുദ്ധീൻ, കെ ശംസുദ്ധീൻ, എം റാഷിദ്, വി ടി സൈഫുദ്ധീൻ, ടി കെ രാജേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വി ജിഷ, ഡ്രൈവർ വി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

click me!