ട്രെയിനിൽ പൊലീസുകാരൻ മർദ്ദിച്ചയാളെ തിരിച്ചറിഞ്ഞു, പീഡനക്കേസ് പ്രതിയെന്ന് പൊലീസ്

By Web TeamFirst Published Jan 4, 2022, 5:22 PM IST
Highlights

ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കൂത്തുപറമ്പ് നിർമലഗിരി സ്വദേശിയായ ഷമീറിനാണ് പൊലീസിൽ നിന്ന് മർദ്ദനമേറ്റത്. ഇയാൾക്കെതിരെ കൂത്തുപറമ്പ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്.

കണ്ണൂർ/ തിരുവനന്തപുരം: ട്രെയിനിൽ പൊലീസുകാരൻ മർദ്ദിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി പൊന്നൻ എന്ന് വിളിക്കുന്ന ഷമീറിനാണ് പൊലീസിൽ നിന്ന് മർദ്ദനമേറ്റതെന്ന് സ്ഥിരീകരിച്ചു. സ്ത്രീപീഡനക്കേസിലെ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ കൂത്തുപറമ്പ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്.

യാത്രക്കാരനെ ബൂട്ടുകൊണ്ട് നെഞ്ചിൽ ചവിട്ടിയ സംഭവത്തിൽ തിങ്കളാഴ്ച എഎസ്ഐ എം സി പ്രമോദിനെ പൊലീസ് സേനയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയപ്പോഴാണ് ഇടപെട്ടതെന്നാണ് ഇന്നലെ ഇക്കാര്യത്തിൽ പൊലീസ് നൽകിയ വിശദീകരണം. മിനിഞ്ഞാന്ന് രാത്രി മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്ഐ മർദിച്ച്  നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ കാലുകൾ കാണുന്ന തരത്തിൽ മുണ്ട് മാറ്റി പേഴ്സിൽ നിന്ന് ഒരു പേപ്പറെടുത്ത് തങ്ങൾക്ക് നേരെ കാണിക്കുന്നത് കണ്ട് ഭയപ്പെട്ടെന്നും അപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും ഒരു യാത്രക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. 

ഞായറാഴ്ച രാത്രി എട്ടുമണിയോടെ മാവേലി എക്സ്പ്രസ് തലശ്ശേരി സ്റ്റേഷൻ പിന്നിട്ടപ്പോൾ കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം S2 കമ്പാർട്ട്മെന്‍റിലെത്തുകയായിരുന്നു. ട്രെയിനിനകത്തെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കേരളാ റെയിൽവേ പൊലീസ് സേനയിലെ അംഗമായ ഈ ഉദ്യോഗസ്ഥൻ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

ഇയാൾക്ക് സംസാരിക്കാൻ പോലും അവസരം നൽകാതെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി കോച്ചിന്‍റെ മൂലയിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മർദ്ദനത്തിൽ നിലത്ത് വീണുപോയ ആളെ എഎസ്ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി. മുകളിലെ ബർത്തിലിരുന്ന ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തി ഏഷ്യാനെറ്റ് ന്യൂസിലേക്ക് എത്തിച്ചത്. യാത്രക്കാർ തടഞ്ഞിട്ടും പൊലീസ് മർദ്ദനം തുടർന്നുവെന്നാണ് ദൃക്സാക്ഷിയായ ഒരു യാത്രക്കാരൻ പറഞ്ഞത്. എന്നാൽ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസുകാരൻ വ്യക്തമാക്കുന്നത്. 

യാത്രക്കാരൻ ആരെന്ന് തിരക്കാതെയും പൊലീസ് സ്റ്റേഷനിൽ വിവരം അറിയക്കാതെയുമായിരുന്നു ഈ മർദ്ദനം. പിന്നീട് വടകര റെയിൽവേ സ്റ്റേഷനിലെ പോർച്ചിൽ ഇയാളെ ബലമായി ഇറക്കി വിട്ടശേഷം ഉദ്യോഗസ്ഥർ ട്രെയിനിൽ തിരികെ കയറി. എഎസ്ഐ മർദ്ദിക്കുമ്പോൾ ടിടിഇ കുഞ്ഞുമുഹമ്മദും തൊട്ടടുത്തുണ്ടായിരുന്നു. തങ്ങളുടെ അടുത്തിരുന്ന ഈ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു എന്നും തങ്ങൾ ഭയപ്പെട്ടിരിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്നുമാണ് യാത്രക്കാരിയുടെ മൊഴി.

പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മർദ്ദനത്തിനിരയായത് ഷമീറെന്ന യുവാവാണെന്ന് വ്യക്തമായത്. ഇയാൾക്കായി കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ഇയാളിപ്പോഴും ഒളിവിലായ സ്ഥിതിക്ക് അന്വേഷണം തുടരുമെന്നും, ഇയാളെ കണ്ടെത്തിയ ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്തുമെന്നും പൊലീസും വ്യക്തമാക്കുന്നു. 

click me!