
ബറേലി: ഉത്തർപ്രദേശിൽ വിവാഹപ്പാർട്ടിക്കിടെ പാട്ടുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 24കാരന് നേരെ ആസിഡ് ഒഴിച്ചു. രാംപൂർ ജില്ലയിലെ ഗ്രാമത്തിൽ വിവാഹ ചടങ്ങിൽ ഡിജെ പാടിയ പാട്ടിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്നാണ് രണ്ട് പേർ യുവാവിനെ ആസിഡ് ഒഴിച്ചത്. 24 കാരന് 70% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവ് കുമാർ എന്ന യുവാവ് അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഖജൂരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്രോഹ് ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജൂൺ ഏഴിന് ബറേലിയിൽ നടന്ന ഒരു വിവാഹത്തിൽ കുമാർ പങ്കെടുത്തിരുന്നു. പ്രതികൾ നൃത്തം ചെയ്യുന്ന ട്രാക്ക് മാറ്റാൻ ഡിജെയോട് ആവശ്യപ്പെട്ടത് യുവാവ് അനുസരിച്ചില്ല. തുടർന്ന് ഗണേഷ് ലാൽ, അരവിന്ദ് കുമാർ എന്നിവരുമായി വഴക്കുണ്ടാക്കി. ആ സമയത്ത് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ പിന്നീട് ഗണേഷും അരവിന്ദും ഗ്രാത്തിലെത്തി മകനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പിതാവ് ആസിറാം പറഞ്ഞു.
അടുത്തുള്ള കുളത്തിൽ ചാടിയതോടെയാണ് രക്ഷപ്പെട്ടത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്ന് പിതാവ് പറഞ്ഞു. കേസ് പിൻവലിക്കണമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ തന്നെയും ഉപദ്രവിക്കുമെന്ന് പിതാവ് കൂട്ടിച്ചേർത്തു. ഇരയുടെയും പിതാവിന്റെയും മൊഴി ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും എസ്എച്ച്ഒ ഖജൂരിയ വിനയ് വർമ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam