
വിജയവാഡ: ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ അച്ഛൻ ചുമരിലടിച്ച് കൊന്നു. 36 കാരനായ ഗുമ്മല്ല ചിന്ന പുല്ലയ്യ എന്നയാളാണ് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടാം ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷം തടവുശിക്ഷ അനുഭവിച്ചയാളാണ് ഗുമ്മല്ല ചിന്ന പുല്ലയ്യ.
രണ്ടാം ഭാര്യ രമാ ദേവിയുമായി ഉണ്ടായ വഴക്കിനിടെയാണ് ഗുമ്മല്ല മകനെ ചുമരിലടിച്ച് കൊന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ കുഞ്ഞ് തൽക്ഷണം മരിക്കുകയായിരുന്നു. തുടർന്ന് രമാദേവിയെ പ്രതി ഉലക്ക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. രമാദേവിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ രമാ ദേവി ഒലേഗയിലെ ആർഐഎംഎസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
രമാ ദേവിയെ ഗുമ്മല്ലയ്ക്ക് സംശയമായിരുന്നെന്നും ഇതാണ് ആക്രമണത്തിന് പിന്നില്ലെന്നും ഗിഡ്ഡല്ലൂർ ഇൻസ്പെക്ടർ യു സുധാകർ റാവു പറഞ്ഞു. കൂലിപ്പണിക്കാരനായ ഗുമ്മല്ല ആദ്യ ഭാര്യ ലക്ഷമി ദേവിയെ മഴുകൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഭാര്യയുടെ മേലുള്ള സംശയത്തെത്തുടർന്നായിരുന്നു ഈ കൊലപാതകം. കുറ്റംസമ്മതിച്ച പ്രതിയെ കോടതി എട്ട് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഗുമ്മല്ല രണ്ടുവർഷത്തിന് ശേഷമാണ് കടപ്പ സ്വദേശിയായ രമാദേവിയെ വിവാഹം കഴിച്ചത്. മകൻ ജനിച്ചതോടുകൂടിയാണ് രമാ ദേവിയെ ഗുമ്മല്ല സംശയിക്കാനും ആക്രമിക്കാനും തുടങ്ങിയത്. ഞായറാഴ്ച ദമ്പതികൾ തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് ഗുമ്മല്ല മകനെ കൊല്ലുകയുമായിരുന്നു. സംഭവത്തിൽ ഗുമ്മല്ലയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam