
ഛണ്ഡീഗഡ്: പഞ്ചാബിനെ നടുക്കി പട്ടാപ്പകൽ നടുറോഡിൽ നടന്ന കൊലപാതകം. മോഗ സ്വദേശി ദേശ് രാജിനെയാണ് ഒരു സംഘം നടുറോഡിൽ തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
പഞ്ചാബിലെ ബഥനി കാളന്‍ മേഖലയിലെ മോഗ മാർക്കറ്റിന് സമീപം ഉച്ചയോടെയാണ് സംഭവം നടന്നത്. ബൈക്കില്‍ ആയുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് റോഡിലിട്ട് ജനക്കൂട്ടം നോക്കിനില്‍ക്കേ ദേശ് രാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ യുവാവിന്‍റെ തലയും കൈകളും അറ്റു. ചന്തയിലെ തൊഴിലാളിയായ ദേശ് രാജും കൊലപാതകം നടത്തിയ സംഘവും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
പ്രതികളും ദേശ് രാജും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. വെട്ടേറ്റ് നിലത്ത് വീണ ദേശ് രാജിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിഞ്ഞെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും മോഗ എഎസ്‌പി സർഫറസ് ആലം പറഞ്ഞു. കോൺഗ്രസ് നേതാവും പ്രമുഖ ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെ പഞ്ചാബില്‍ ക്രമസമാധാനം തകർന്നെന്ന വിമർശനം രൂക്ഷമാവുകയാണ്. അതിനിടെയാണ് പട്ടാപ്പകല്‍ വീണ്ടും കൊലപാതകം നടന്നത്.
കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജനക്കൂട്ടം എന്താണ് സംഭവിക്കുന്നതെന്ന് നോക്കിനിൽക്കുമ്പോഴാണ് റോഡിൽ കൂടി ആറംഗ സംഘം മാരകായുധങ്ങളുമായി യുവാവിനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുന്നത്. എന്നാൽ കണ്ടുനിന്നവർ ആരും തന്നെ അക്രമം തടയാൻ ശ്രമിച്ചില്ല. നോക്കി നിന്ന ജനക്കൂട്ടത്തിന് മുന്നിലൂടെ ഈ ആറ് പ്രതികളും നടന്നുപോവുകയും ചെയ്തു. ആറ് പേരും തുണികൊണ്ട് മുഖം മറച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam