
പാലക്കാട്: വാവന്നൂരില്‍ രാത്രിയില്‍ വീട്ടില്‍ പോകാൻ പറഞ്ഞ് പൊലീസ് മര്‍ദ്ദിച്ചതായി പരാതി. വാവന്നൂര്‍ സ്വദേശി ജിംഷാദാണ് പരാതിക്കാരൻ. രാത്രി റോഡരികില്‍ കണ്ടപ്പോള്‍ വീട്ടില്‍ പോകാൻ പറയുകയും തുടര്‍ന്ന് അടിക്കുകയും ജീപ്പിലേക്ക് വലിച്ച് കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി പുലര്‍ച്ചെ വരെ അന്യായമായി കസ്റ്റഡിയില്‍ വച്ചുവെന്നുമാണ് പരാതി.
മുഖ്യമന്ത്രിക്കും ഡിജിപിക്കും ജിംഷാദ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ പൊലീസ് ജീപ്പിലിരുന്ന് കൊണ്ട് തന്നെ ജിംഷാദിനോട് സംസാരിക്കുന്നതും പിന്നീട് ഇറങ്ങി വന്ന് വസ്ത്രത്തില്‍ പിടിച്ചുവലിച്ച് ജീപ്പിലേക്ക് കയറ്റുന്നതും കാണാം.
ഇതിനിടെ തന്നെ അടിച്ചുവെന്നാണ് ജിംഷാദ് പറയുന്നത്. ജീപ്പിനുള്ളില്‍ വച്ചും അടിച്ചതായി ജിംഷാദ് പറയുന്നുണ്ട്. ചാലിശ്ശേരി എസ്ഐ റിനീഷിനെതിരെയാണ് പരാതി. എന്നാല്‍ ജിംഷാദ് റൗഡി ലിസ്റ്റിലുള്ള ആളാണെന്നും സമീപപ്രദേശത്ത് ചെറിയ അടിപിടി നടന്നിരുന്നു, അത് അന്വേഷിക്കാൻ എത്തിയപ്പോള്‍ ജിംഷാദിനെ കണ്ടതിനാല്‍ വീട്ടില്‍ പോകാൻ പറയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വീട്ടില്‍ പോകാൻ പറഞ്ഞപ്പോള്‍ ജിംഷാദ് തര്‍ക്കിക്കാൻ വന്നു, ഇതോടെ കരുതല്‍ തടങ്കലില്‍ വക്കുകയായിരുന്നുവെന്നുമാണ് ചാലിശ്ശേരി പൊലീസ് നല്‍കുന്ന വിശദീകരണം. ജിംഷാദിനെതിരെ വധശ്രമം അടക്കം 9 ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസ് അറിയിക്കുന്നു.
Also Read:- നിലമ്പൂരില്‍ യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam