
കാൺപൂർ : ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുക്കളെ കാണിച്ച് ഭർത്താവ്. മരണത്തിന്റെ വക്കിലെത്തിയെന്ന് ഉറപ്പായ നിമിഷത്തിൽ പോലും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കാത്ത സഞ്ജയ് ഗുപ്ത ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സഞ്ജയുമായുള്ള വഴക്കിനെ തുടർന്നാണ് ശോഭിത ഗുപ്ത ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് ശോഭിത ആത്മഹത്യ ചെയ്തത്. സഞ്ജയ് ഗുപ്ത മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയിൽ കഴുത്തിൽ ഒരു സ്കാർഫുമായി ഷോബിത തന്റെ കട്ടിലിന് മുകളിലുള്ള ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്നുണ്ട്. വീഡിയോയിൽ സഞ്ജയ് ചിലത് പറയുന്നത് കേൾക്കാം, ഇതാണോ നിന്റെ ചിന്താഗതി, വളരെ മോശം എന്നാണ് അയാൾ ഭാര്യയോട് പറയുന്നത്. ഷോബിത കുരുക്ക് അഴിക്കുകയും കട്ടിലിൽ നിന്ന് ഭർത്താവിനെ തുറിച്ചുനോക്കുകയും ചെയ്യുന്നിടത്താണ് ഈ വീഡിയോ അവസാനിക്കുന്നത്.
ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ശോഭിത ആത്മഹത്യ ചെയ്‌തതായി സഞ്ജയ് വിളിച്ച് അറിയിച്ചതെന്ന് ശോഭിതയുടെ പിതാവ് രാജ് കിഷോർ ഗുപ്ത പറഞ്ഞു. ഓടിയെത്തിയ കുടുംബം മകൾക്ക് സഞ്ജയ് സിപിആർ കൊടുക്കുന്നതാണ് കണ്ടത്. താൻ ആദ്യ ശ്രമത്തിൽ തന്നെ ഭാര്യയെ രക്ഷിച്ചിരുന്നുവെന്ന് പറഞ്ഞ് സഞ്ജയ് തങ്ങളെ ആ വീഡിയോ കാണിച്ചുവെന്നും പിതാവ് പറഞ്ഞു. അപ്പോഴേ മരുമകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്നും ഗുപ്ത പറഞ്ഞു. ഭോഭിതയെ ഗുപ്തയും ഭാര്യയും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് വർഷം മുമ്പാണ ശോഭിതയും സഞ്ജടെയും വിവാഹിതരായത്.
"ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അവൻ ഞങ്ങളുടെ മകളുടെ നെഞ്ചിൽ അമർത്തുന്നത് ഞങ്ങൾ കണ്ടു. അവൾ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറയുന്ന ഒരു വീഡിയോ സഞ്ജയ് ഞങ്ങളെ കാണിച്ചു. അവൻ അവളെ തടയുകയല്ല, വീഡിയോ എടുക്കുകയായിരുന്നു. അത് സംഭവിച്ചത് ഉച്ചയ്ക്ക് 12.30 നാണ്. അതിനുശേഷം വൈകാതെ അവൾ മരിച്ചു, ഇത് സംശയാസ്പദമാണ്,” രാജ് കിഷോർ ഗുപ്ത പറഞ്ഞു.
ശോഭിതയുടെ രക്ഷിതാക്കൾ സഞ്ജയ്ക്കെതിരെ പൊലീസിൽ പരാതി നൽകി. നീതിവേണമെന്ന് ശോഭിതയുടെ കുടുംബം പറഞ്ഞു. ഭാര്യയുടെ മരണത്തിൽ സഞ്ജയ്‌ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. സഞ്ജയെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam