ക്രൂരമായ കൊലപാതകം, ശരീരഭാഗങ്ങള്‍ കോഴിക്കോട്ടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

By Web TeamFirst Published Jan 16, 2020, 10:38 AM IST
Highlights

2017 ല്‍ കോഴിക്കോട്ടെ ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ  കണ്ടെത്തിയത്. പ്രതി ഇതിന് മുമ്പ് ഒരു കൊലപാതകം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ബിർജു എന്ന ആളാണ് പിടിയിലായത്. കോഴിക്കോട് മുക്കത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് കേസുകളിലെ പ്രതിയായ കരുവാരക്കുണ്ട് സ്വദേശി ഇസ്മയിലാണ് കൊല്ലപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി പറഞ്ഞു.

2017 ല്‍ കോഴിക്കോട്ടെ ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഇസ്മയില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. വിരലടയാളവും കൊല്ലപ്പെട്ടയാളുടെ അമ്മയുടെ രക്ത സാമ്പിളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഇതിന് മുമ്പ് ഒരു കൊലപാതകം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. 

ബുർജുവും ഇസ്മയിലും ചേർന്ന് ബിർജുവിന്‍റെ അമ്മ ജയവല്ലിയെ 2014 ല്‍ കൊലപ്പെടുത്തിയിരുന്നു. അമ്മയുടെ സ്വത്ത് ലഭിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ഈ കൊലപാതകത്തിന്‍റെ ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് 2017 ല്‍ ഇസ്മയിലിനെ കൊന്നത്. കഴുത്ത് മുറുക്കിയാണ് ഇസ്മയിലിനെ ബിർജു കൊന്നത്. കൊലപാതകത്തിനായി എന്‍ഐടി പരിസരത്ത് നിന്ന് സർജിക്കൽ ബ്ലേഡും, ചക്കും വാങ്ങി. കൊലയ്ക്ക് ശേഷം ശരീര ഭാഗങ്ങൾ മുറിച്ച് വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചു.

കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ:

2017 ജൂലൈ 1 

ബേപ്പൂര്‍ ചാലിയത്ത് വലതുകൈ തീരത്ത് അടിഞ്ഞു.

2017 ജൂലൈ 6

കൈകാലുകളും തലയും ഇല്ലാത്ത ശരീരം തിരുവമ്പാടി എസ്റ്റേറ്റില്‍ ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തി.

2017 ജൂലൈ 28

ബേപ്പൂര്‍ ചാലിയം ബീച്ചില്‍ വെട്ടിയെടുത്ത ഇടതുകൈ കണ്ടെത്തി.

2017 ഓഗസ്റ്റ്

ബേപ്പൂര്‍ ചാലിയം ബീച്ചില്‍ കളിക്കാനെത്തിയ കുട്ടികളില്‍ ഒരാള്‍ക്ക് തലയോട്ടി ലഭിച്ചു.

2017 സെപ്റ്റംബര്‍ 17 

ശരീരഭാഗങ്ങള്‍ എല്ലാം ഒരാളുടേതെന്ന് ഡിഎന്‍എ ഫലം വന്നു

2017 ഒക്ടോബര്‍ 4

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.
 

click me!