ഭാര്യയെ സംശയം, സുരക്ഷാ ജീവനക്കാരന് കൊവിഡ് പ്രതിരോധമരുന്നെന്ന് പറഞ്ഞ് വിഷം നല്‍കി, ഭര്‍ത്താവ് അറസ്റ്റില്‍

By Web TeamFirst Published May 21, 2020, 12:16 PM IST
Highlights

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായെത്തിയതാണെന്ന് വ്യക്തമാക്കി സുരക്ഷാ ജീവനക്കാരനും അയാളുടെ കുടുംബാംഗങ്ങള്‍ക്കും വിഷം കലര്‍ത്തിയ ദ്രാവകം കുടിക്കാന്‍ നല്‍കി... 

ദില്ലി: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരനും കുടുംബത്തിനും വിഷം നല്‍കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനെയാണ് മരുന്ന നല്‍കിയത്. ദില്ലിയിലാണ് സംഭവം. 

42കാരനായ പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയ്ക്ക്  സുരക്ഷാ ജീവനക്കാരനുമായി വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച പ്രദീപ് രണ്ട് സ്ത്രീകളെ ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനെ ഇയാളുടെ ദില്ലി അലിപൂരിലെ വീട്ടിലേക്ക് അയക്കുകയായിരുന്നു. 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായെത്തിയതാണെന്ന് വ്യക്തമാക്കിയ സ്ത്രീകള്‍ സുരക്ഷാ ജീവനക്കാരനും അയാളുടെ കുടുംബാംഗങ്ങള്‍ക്കും വിഷം കലര്‍ത്തിയ ദ്രാവകം കുടിക്കാന്‍ നല്‍കി.  കൊവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നാണെന്നാണ് ഇവര്‍ ഇയാളെ ധരിപ്പിച്ചത്. 

അല്‍പ്പനേരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയതോടെ ഇയാളും കുടുംബവും തൊട്ടടുത്തുള്ള ആശുപത്രിയിലെത്തി. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെയും തിരിച്ചറിഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് പ്രദീപ് ആണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. ഉടന്‍ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 
 

click me!