
കാലിഫോർണിയ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം നവവരനെ യുവാക്കള്‍ കൊലപ്പെടുത്തി. ക്ഷണിക്കാതെ വിവാഹവിരുന്നിനെത്തിയ രണ്ട് യുവാക്കളാണ് മുപ്പതുകാരനായ ജോയ് മെൽഗോസയെ അതിക്രൂരമായി തല്ലി കൊന്നത്. കേസിൽ ഇരുപത്തിയെട്ടുകാരനായ റോണി കാസ്റ്റനേഡ റാമിറെസ്, പത്തൊമ്പതുകാരനായ സഹോദരൻ ജോഷ്യു കാസ്റ്റനേഡ റാമിറെസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാലിഫോർണിയയിലെ ചിനോയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. വിവാഹവിരുന്നിനിടെയാണ് അപരിചതരായ രണ്ടുപേർ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത് ജോയിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതിനെച്ചൊല്ലി ജോയിയും യുവാക്കളും തമ്മിൽ തർക്കത്തിലാകുകയും ജോയ് ഇരുവരെയും വിവാഹപന്തലിൽ നിന്ന് തല്ലി പുറത്താക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ വിരുന്ന് കഴിഞ്ഞ പിറ്റേന്ന് രാവിലെ ജോയിയുടെ വീട്ടിലെത്തുകയായിരുന്നു.
ഇവിടെവച്ച് ജോയിയും പ്രതികളും തമ്മിൽ വീണ്ടും തർക്കത്തിലായി. ഇതിനിടെ പ്രതികൾ ജോയിയെ തല്ലി കൊല്ലുകയായിരുന്നു. വിരുന്നിന്റെ അന്ന് യുവാക്കളെ തല്ലുന്നതിന് ജോയ് ഉപയോഗിച്ച അതെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് പ്രതികൾ ജോയിയെയും തല്ലി കൊന്നതെന്ന് ജോയിയുടെ സഹോദരൻ ആൻഡി വെലാസ്‌ക്വസ് പൊലീസിനോട് പറഞ്ഞു. അതിദാരുണമായി കൊല്ലപ്പെട്ട തന്റെ സഹോദരന് നീതി ലഭിക്കണമെന്നും വെലാസ്‌ക്വസ് പൊലീസിനോട് ആവശ്യപ്പെട്ടു.
ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒന്നുംതന്നെ വിവാഹവിരുന്നിന് എത്തിയ അപരിചിതരായ യുവാക്കളെ ആദ്യം മനസ്സിലായിരുന്നില്ല. വിരുന്നിന് ക്ഷണിച്ചെത്തിയവരാണ് യുവാക്കളാണെന്നാണ് എല്ലാവരും ആദ്യം കരുതിയിരുന്നത്. പിന്നീട് അവരെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്ന് ആളുകൾക്ക് മനസ്സിലായി. ഇതിന് പിന്നാലെയാണ് തന്റെ ശ്രദ്ധയിൽപ്പെട്ട യുവാക്കളെ ജോയി തല്ലി പുറത്താക്കിയതെന്നും വെലാസ്‌ക്വസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ച രണ്ടരയോടുകൂടിയാണ് വരനും യുവാക്കളും തമ്മിൽ തർക്കത്തിലായ വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുന്നത്. ആ സമയത്താണ് പരിസരത്തുള്ള ഒരുവീട്ടിന്റെ പറമ്പത്തുനിന്ന് നിസാരമായി പരിക്കേറ്റ നിലയിൽ രണ്ട് യുവാക്കളെയും ഗുരുതര പരിക്കുകളോടെ ജോയിയെയും കണ്ടെത്തുന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വിവാഹവിരുന്നിനെത്തിയ മുഴുവൻ ആളുകളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam