'ചൂളം വിളിച്ചത് ശ്രദ്ധിച്ചില്ല, സംസാരിച്ചില്ല'; യുവതിയെ കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി പ്രതി

By Web TeamFirst Published Nov 27, 2019, 1:40 PM IST
Highlights

ഇല്ലിനോയ് സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ 19കാരി റുത്ത് ജോർജിനെയാണ് ക്യാമ്പസിൽ പാർക്കിൽ ചെയ്തിരുന്ന കാറിന്റെ പിൻസീറ്റിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 

വാഷിങ്ടൺ: ഹൈദരാബാദ് സ്വദേശിയായ യുവതിയെ ചിക്കാ​ഗോയിലെ ഇല്ലിനോയ് സർവകലാശാല ക്യാമ്പസിനുള്ളിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി 26കാരനായ പ്രതി ഡോണൾഡ് തുർമൻ. ചൂളം വിളിച്ചത് ശ്രദ്ധിക്കാതിരുന്നതും തന്നോട് സംസാരിക്കാൻ യുവതി വിസമ്മതിച്ചതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് തുർമൻ കോടതിയിൽ പറഞ്ഞു. കേസിൽ ജാമ്യ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് തുർമന്റെ വെളിപ്പെടുത്തൽ.

ഇല്ലിനോയ് സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ 19കാരി റുത്ത് ജോർജിനെയാണ് ക്യാമ്പസിൽ പാർക്കിൽ ചെയ്തിരുന്ന കാറിന്റെ പിൻസീറ്റിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

''താൻ ചൂളം വിളിക്കുകയും സംസാരിക്കാൻ താൽപര്യമുണ്ടെന്നറിയിച്ച് പുറകെ നടന്നപ്പോഴും റുത്ത് പ്രതികരിച്ചിരുന്നില്ല. സംഭവം നടന്ന ദിവസം കോളേജിൽ നിന്ന് പുറത്തിറങ്ങിയ റുത്തിനോട് സംസാരിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചോൾ അവരത് നിഷേധിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ താൻ റുത്തിനെ പിന്തുടർന്ന് ക്യാമ്പസിന് പുറകിലുള്ള കാർ പാർക്കിങ്ങിൽ എത്തുകയായിരുന്നു. ഇവിടെവച്ച് റുത്തിനെ കാറിന്റെ പിൻസീറ്റിലേക്ക് വലിച്ചിടുകയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിക്കുകയുമായിരുന്നു. അബോധാവസ്ഥയിലാണ് താൻ റുത്തിനെ ലൈം​ഗികമായി പീഡിപ്പിച്ചതെന്നും'', പ്രതി കോടതിയിൽ പറ‍ഞ്ഞു.

Also Read: ഇന്ത്യന്‍ വംശജയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ചുകൊന്നു; ചിക്കാഗോയില്‍ ഒരാള്‍ പിടിയില്‍

വെള്ളിയാഴ്ച കോളജിലേക്ക് പോയ റുത്ത് തിരികെ വരാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ നമ്പറിൽ റുത്തുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഫോണിന്റെ ടവർ ലോക്കേഷൻ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് റുത്തിനെ കാറിനുള്ളിൽ‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ക്യാമ്പസിന് സമീപത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാത്രി 1.35ന് വാഹനം പാർക്ക് ചെയ്തിരുന്ന ​ഗാരേജിലേക്ക് റുത്ത് പോകുന്നതും തുർമൻ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തുർമനെ പൊലീസ് മെട്രോ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ചോദ്യം ചെയ്യലിൽ തുർമൻ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.  

2015ൽ നടന്ന മോഷണ കേസിൽ ആറുവർഷം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് തുർമൻ. രണ്ടുവർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് തുർമൻ പരോളിലിറങ്ങിയത്. ഇതിനിടെയാണ് റുത്തിനെ വകവരുത്തിയത്. 30 വർഷം മുൻപ് യുഎസിലേക്ക് കുടിയേറിയതാണ് റുത്തിന്റെ കുടുംബം. 
   
 

click me!