വാഷിംഗ്ടണ്‍:  ചിക്കാഗോയില്‍ ഇന്ത്യന്‍ വംശജയായ 19 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ശ്വാസംമുട്ടിച്ചുകൊന്നു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ചികാഗോ പൊലീസ് പറഞ്ഞു. അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് ഹൈദരാബാദ് സ്വദേശിയായ 19കാരി. സര്‍വ്വകലാശാലയിലെ ഗാരേജില്‍ കാറിന്‍റെ പിന്‍സീറ്റില്‍ മരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. 

ഞായറാഴ്ച ചിക്കാഗോയിലെ മെട്രോ സ്റ്റേഷനില്‍ വച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 26 കാരനായ ഡൊണാള്‍ഡ് ട്രൂമാനെയാണ് അറസ്റ്റ് ചെയ്തത്. ലൈംഗികപീഡനവും കൊലപാതകക്കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി. ശ്വാസംമുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊന്നതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മുതല്‍ മകളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന്  ശനിയാഴ്ചയാണ് ബന്ധുക്കള്‍ സര്‍വ്വകലാശാലയില്‍ പരാതി നല്‍കിയത്. 

ഹാള്‍സ്റ്റെഡ് സ്ട്രീറ്റ് പാര്‍ക്കിംഗ് ഗാരേജില്‍ വച്ച് കാറിന്‍റെ പിന്‍സീറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കണ്ടെത്തി. കാറ് ഫോറന്‍സിക് പരിശോധന നടത്തുന്നതിനായി പൊലീസ് എഫ്ബിഐയുടെ സഹായം തേടി. സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിപെണ്‍കുട്ടിയുടെ പുറകെ നടന്നുപോകുന്നതായി വ്യക്തമായിരുന്നു. 

പുലര്‍ച്ചെ 1.35 ന് പെണ്‍കുട്ടി ഗ്യാരേജിലേക്ക് കടക്കുന്നതും ഇയാള്‍ പിന്നാലെ പോകുന്നതും 2.10 ന് ഇയാള്‍ മാത്രം ഗ്യാരേജില്‍ നിന്ന് പുറത്തുവരുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. ഇയാള്‍ സഞ്ചരിച്ച വഴി സിസിടിവി ക്യാമറകളുടെ സഹായത്തോടെ മനസ്സിലാക്കിയ പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ട്രൂമാന്‍. കുറ്റം ഇയാള്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.