
ലഖ്നൗ: ഉത്തര്‍പ്രദേശിൽ ബലൂണിനായി കരഞ്ഞ നാല് വയസുകാരിയെ രണ്ടാനച്ഛൻ തല്ലിക്കൊന്നു. അമ്മയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയിലാണ് പ്രയാഗ്‍രാജിലെ ഖുൽദാബാദിൽ മനുഷ്യമനസാക്ഷിയെ നടുക്കുന്ന കൊലപാതകം നടന്നത്.
പനി ബാധിച്ച നാലുവയസുകാരിയായ മകൾക്ക് മരുന്നുവാങ്ങാനായി രണ്ടാനച്ഛൻ രാജേന്ദ്രപ്രസാദ് മൂലത്തും കുടുംബവും വൈകുന്നേരം പുറത്ത് പോയതാണ് സംഭവത്തിന്‍റെ തുടക്കമെന്ന് നാല് വയസുകാരിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. വഴിയിൽ വച്ച് ബലൂൺ വിൽപനക്കാരനെ കണ്ട കുട്ടി, ഒരു ബലൂൺ വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടാനച്ഛൻ ബലൂൺ വാങ്ങിക്കൊടുക്കാൻ തയ്യാറായില്ല. വാശിപിടിച്ചതോടെ കോപാകുലനായ രാജേന്ദ്ര പ്രസാദ് കുട്ടിയെ പൊതുസ്ഥലത്ത് വച്ച് മർദ്ദിച്ചു. തടയാൻ ശ്രമിച്ച അമ്മയെ ബൈക്കിൽ നിന്ന് തള്ളി ഇറക്കി വഴിയിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തിയ ശേഷവും കുട്ടി ബലൂണിനായി കരഞ്ഞുകൊണ്ടിരുന്നു. പുറത്തുപോയ രണ്ടാനച്ഛൻ രാത്രി പത്തരയോടെ വീട്ടിൽ തിരിച്ചെത്തി. അപ്പോഴും കരയുന്ന കുട്ടിയ കണ്ട് നിയന്ത്രണം വിട്ട രാജേന്ദ്ര പ്രസാദ് കുട്ടിയെ വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടു പൊയി മർദ്ദിക്കാൻ തുടങ്ങി. മുറി അകത്തുനിന്ന് പൂട്ടിയതിനാൽ അമ്മയ്ക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല. പുലർച്ചയോടെ അമ്മ പൊലീസിൽ വിവരം അറിയിച്ചു. വീടിന്റെ കതക് പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്, അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
രാത്രിതന്നെ കുട്ടിയെ കൊന്ന രാജേന്ദ്രപ്രസാദ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രക്തം വാർന്ന് അബോധാവസ്ഥയിലായ പ്രതിയെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ബോധം വീണ്ടെടുത്തതോടെ കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത്, അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം വെണമെന്നും പൊലീസ് പറയുന്നു. ബലൂൺ ചോദിച്ച കുട്ടിയെ ഒരു രാത്രി മുഴുവൻ മർദ്ദിച്ച് കൊന്ന ക്രൂരതയുടെ ഞെട്ടലിലാണ് പ്രയാഗ് രാജ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam