
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ ലാഭമുണ്ടാക്കാമെന്ന പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് പ്രതികൾ തട്ടിയ 25.5 ലക്ഷം രൂപയിൽ 10.86 ലക്ഷം ഉടനടി തിരികെ പിടിച്ച് സൈബർ ക്രൈം പൊലീസ്. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി. പിന്നീട് വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ പരാതിക്കാരനെ കൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിച്ചു. തുടർന്ന് ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണം അയച്ച് കൊടുത്തു.
രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ 25.5 ലക്ഷം രൂപയാണ് പരാതിക്കാരൻ പ്രതികൾക്ക് അയച്ചുകൊടുത്തത്. എന്നാൽ അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ പരാതിക്കാരൻ ഇതേക്കുറിച്ചു അന്വേഷിക്കുകയും ഇനിയും 28 ലക്ഷം രൂപ കൂടി അയച്ചു തന്നാൽ മുഴുവൻ പണവും ഇരട്ടിയായി തിരികെ നൽകാമെന്ന് തട്ടിപ്പുകാർ അറിയിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ ജൂലൈ 19 നു ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ പരാതിക്കാരന്റെ പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കുകയും ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണൻ എന്നിന്റെ ഉത്തരവിലൂടെ പരാതിക്കാരന്റെ പണം തിരികെ നൽകുകയുമായിരുന്നു. 10.86 ലക്ഷം രൂപയാണ് ഇപ്പോൾ പരാതിക്കാരന് തിരികെ കിട്ടിയത്. ഇനിയും കൂടുതൽ തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തി മരവിപ്പിച്ചിട്ടുണ്ട്. ഇത് തിരികെ കിട്ടാനുള്ള കോടതി നടപടികൾ പുരോഗമിക്കുകയുമാണ്. കേസിലെ പ്രതികളെക്കുറിച്ചു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്നും തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി സ്വദേശിയുമായ രണ്ടു പ്രതികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിവിധ കേസുകളിലെ പരാതിക്കാർക്കായി ആകെ മുക്കാൽ കോടിയിൽപരം രൂപ ആലപ്പുഴ സൈബർ ക്രൈം പൊലീസ് തിരികെ പിടിച്ചു കൊടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam