രാജസ്ഥാനിലെ 'സുകുമാരക്കുറുപ്പ്'; 50 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് തട്ടാന്‍ സ്വന്തം കൊലപാതകത്തിന് ക്വട്ടേഷന്‍

By Web TeamFirst Published Sep 10, 2019, 1:29 PM IST
Highlights

കഴിഞ്ഞയാഴ്ചയാണ് ബല്‍ബിര്‍ എന്നയാളുടെ  മൃതദേഹം ബില്‍വാരയിലെ മന്‍ഗ്രോപ്പില്‍നിന്ന് കണ്ടെത്തിയത്. കൈകാലുകള്‍ ഇലക്ട്രിക്കല്‍ വയറുകള്‍കൊണ്ട് കെട്ടിയിട്ടനിലയിലായിരുന്നു മൃതദേഹം. 

ജയ്പൂര്‍: ഇന്‍ഷുറന്‍സ് തുക പറ്റിക്കാന്‍ തന്‍റെ പേരില്‍ മറ്റൊരാളെ കത്തിച്ചുകൊന്ന സുകുമാരക്കുറുപ്പിനെ ആരും മറന്നുകാണില്ല. സത്യം പുറംലോകമറിഞ്ഞപ്പോള്‍ ഒളിവില്‍പ്പോയ സുകുമാരക്കുറുപ്പ് ഇന്നും പൊലീസിനുമുന്നില്‍ പിടികിട്ടാപ്പുള്ളിയാണ്. സമാനമായ കേസാണ് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പൊലീസിന് മുന്നിലുമെത്തിയത്. കടക്കെണിയില്‍പ്പെട്ടുഴലുന്ന ബല്‍ബീറിന് മുന്നില്‍ ഇന്‍ഷുറന്‍സ് തുക പറ്റിച്ചെടുക്കുകമാത്രമാണ് പോംവഴിയായി ഉയര്‍ന്നത്. താന്‍ മരിച്ചാലും കുടുംബത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുമെന്നും കടംവീട്ടിയാലും ബാക്കി തുകകൊണ്ട് അവര്‍ക്ക് സമാധാനമായി ജീവിക്കാമെന്നുമുള്ള അതിബുദ്ധി ഒടുവില്‍ പൊലീസ് കണ്ടെത്തി.

കഴിഞ്ഞാഴ്ചയാണ് ബല്‍ബിര്‍ എന്നയാളുടെ  മൃതദേഹം ബില്‍വാരയിലെ മന്‍ഗ്രോപ്പില്‍നിന്ന് കണ്ടെത്തിയത്. കൈകാലുകള്‍ ഇലക്ട്രിക്കല്‍ വയറുകള്‍കൊണ്ട് കെട്ടിയിട്ടനിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് എന്നാല്‍ കണ്ടെത്തിയത് മറ്റൊരു സുകുമാരക്കുറുപ്പിനെയാണ്. ബല്‍ബിര്‍ തയ്യാറാക്കിയ തിരക്കഥയുടെ ഒരു ഭാഗം മാത്രമായിരുന്നു ആ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ പൊലീസിന്‍റെ ശരിയായ അന്വേഷണം ബല്‍ബിറിന്‍റെ തിരക്കഥയെ വെട്ടി. താന്‍ കൊല്ലപ്പെട്ടാലും ഇന്‍ഷുറന്‍സ് തുക വീട്ടുകാര്‍ക്ക് ലഭിക്കുമെന്നായിരുന്നു അയാള്‍ കരുതിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബല്‍ബിറിന്‍റെ 'മരണ നാടകം' പുറംലോകമറിഞ്ഞു. 

പ്രദേശത്ത് മറ്റുള്ളവര്‍ക്കായി കൊലപാതകങ്ങള്‍ നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളുണ്ട്. ആളുകള്‍ ഇവരെ സമീപിക്കാറുള്ളത് മറ്റുള്ളവരെ കൊല്ലാനോ തല്ലാനോ ഒക്കെയാണ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബല്‍ബിര്‍ ഇവരെ കണ്ടത് സ്വന്തം കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുക്കാനായിരുന്നു. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സുണ്ട് ബല്‍ബിറിന്. ഇതുകുടുംബത്തിലെത്തുകയാണ് തന്‍റെ ലക്ഷ്യമെന്നും തന്‍റെ മരണത്തിലൂടെ കുടുംബം രക്ഷപ്പെടട്ടേ എന്നും ഇയാള്‍ ഇവരോട് പറഞ്ഞു. ഇതിനായി മരിക്കുന്നതിന്  മുമ്പ് ക്വട്ടേഷന്‍ ടീമിന് 80000 രൂപ ബല്‍ബിര്‍ കൈമാറി. 

സുനില് യാദവ്,രജ്‍വിര്‍ എന്നിവര്‍ക്കാണ് ബല്‍ബിര്‍ ക്വട്ടേഷന്‍ കൊടുത്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം അറിയുന്നത്. മരിക്കുന്നതിന് മുമ്പ് സുനിലിനെ വിളിച്ചുവരുത്തി ബല്‍ബിര്‍ രംഗങ്ങള്‍ വിശദമാക്കിക്കൊടുത്തിരുന്നു. പലരില്‍ നിന്നായി 20 ലക്ഷത്തോളം രൂപ കടംവാങ്ങി ഈ തുക പലര്‍ക്കായി പലിശയ്ക്ക് നല്‍കിയിരുന്നു ബല്‍ബിര്‍. പലിശയോ മുതലോ തിരിച്ചുകിട്ടാതായതോടെ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു ഇയാള്‍. 

തുടര്‍ന്ന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്  ചേര്‍ന്നു. പ്രീമിയം തുകയായ 843200 രൂപ അടക്കുകയും ചെയ്തു. തന്‍റെ കടക്കാരില്‍ നിന്ന് കുടുംബത്തെയെങ്കിലും രക്ഷിക്കാനായിരുന്നു പരിപാടി. കടം തീര്‍ത്ത് ബാക്കി പണംകൊണ്ട് കുടുംബം സന്തോഷമായി ജീവിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. മറ്റൊരാളെ കൊന്നാണ് സുകുമാരക്കുറുപ്പ് പണംതട്ടിയതെങ്കില്‍ സ്വന്തം ജീവന്‍വെടിഞ്ഞ് കുടുംബത്തെ സംരക്ഷിക്കുകയായിരുന്നു ബല്‍ബിര്‍ എന്നതാണ് വ്യത്യാസം. എന്നാല്‍ ബില്‍ബിറിന്‍റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു സംഭവമില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

click me!