നാട്ടുകാരുടെ സൈക്കിളുകള്‍ ഓരോന്നായി അപ്രത്യക്ഷമാകുന്നു; കാരണം കണ്ടെത്തി, അന്വേഷണം എത്തി നിന്നത് ഒരാളില്‍!

By Web TeamFirst Published Sep 27, 2022, 8:43 AM IST
Highlights

20,000 രൂപ വരെ വിലയുള്ള സൈക്കിളുകളും രവി മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ പലതും വെറും 2000 രൂപയ്ക്കാണ് പ്രതി വിറ്റിരുന്നത്. സൈക്കിള്‍ വിറ്റ് ലഭിക്കുന്ന പണം ലഹരിമരുന്ന് വാങ്ങുന്നതിനാണ് ഉപയോഗിച്ചിരുന്നത്.

ചണ്ഡീഗഡ്: ഓരോരുത്തരുടെയായി ഓരോ ദിവസവും സൈക്കിളുകള്‍ നഷ്ടപ്പെടുന്നു, 15,000 മുതല്‍ 20,000 രൂപ വരെയുള്ള സൈക്കിളുകള്‍ വരെ അപ്രത്യക്ഷമാവുകയാണ്. ഹരിയാനയിലെ പഞ്ചകുള ജില്ലയിലെ നാട്ടുകാരാണ് അങ്ങനെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലേക്ക് എത്തിയത്. ഒടുവില്‍ ജില്ലയെ ആകെ വിഷമിപ്പിച്ച സൈക്കിള്‍ കള്ളനെ പൊലീസ് പിടികൂടി. 62 സൈക്കിളുകളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.

ഇത്രയും സൈക്കിളുകള്‍ മോഷ്ടിച്ചത് ഒരാളാണെന്നുള്ളത് പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. രവി കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. മജ്‍രി എന്ന ഗ്രാമത്തില്‍ വാടകയ്ക്ക് താമസിക്കുന്ന രവി ജില്ലയാകെ മോഷണം നടത്തിയിരുന്നു. 32 - കാരനായ രവിയാണ് ജില്ലയിലെ എല്ലാ സൈക്കിള്‍ മോഷണങ്ങള്‍ക്കും പിന്നിലെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ 15,000 രൂപ വിലയുള്ള ഒരു സൈക്കിളാണ് രവി മോഷ്ടിച്ചത്.

സെപ്റ്റംബര്‍ 14നാണ് ഈ മോഷണം നടന്നത്. ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ നിന്ന് സൈക്കിളുകള്‍ മോഷണം പോയിരുന്നു. നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് ഇതിനകം 62 സൈക്കിളുകൾ കണ്ടെടുത്തിട്ടുണ്ട്. സെക്ടര്‍ 26ലാണ് രവി ഒടുവില്‍ മോഷണം നടത്തിയത്. ഇത് കൂടാതെ, 2, 4, 7, 9, 10, 11, 12, 12 എ, 20, 21, 25, 26 എന്നീ സെക്ടറുകളിലെല്ലാം രവി മോഷണം നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പഞ്ചകുള ജില്ലയിലെ എല്ലാ സൈക്കിള്‍ മോഷണങ്ങള്‍ക്കും പിന്നില്‍ ഒരാളാണ് എന്നത് മനസിലായതെന്നും പൊലീസ് പറഞ്ഞു.

20,000 രൂപ വരെ വിലയുള്ള സൈക്കിളുകളും രവി മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ പലതും വെറും 2000 രൂപയ്ക്കാണ് പ്രതി വിറ്റിരുന്നത്. സൈക്കിള്‍ വിറ്റ് ലഭിക്കുന്ന പണം ലഹരിമരുന്ന് വാങ്ങുന്നതിനാണ് ഉപയോഗിച്ചിരുന്നത്. 2021ലാണ് രവി ലുധിയാനയില്‍ നിന്ന് ചണ്ഡീഗഡിലെ രായ്‍പുര്‍ ഖുര്‍ദിലേക്ക് എത്തുന്നത്. സിരാക്പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ലഹരിക്ക് അടമിയായതോടെ ജോലി നഷ്ടമായി. ഇതിന്  ശേഷമാണ് പഞ്ചകുളയിലേക്ക് താമസം മാറ്റുന്നത്. 

click me!