
നെടുമങ്ങാട്: ഒറ്റനോട്ടത്തിൽ അതൊരു അപകടമരണമല്ലെന്ന് ആർക്കും തോന്നില്ല. പക്ഷെ ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്ബുക്ക്
പോസ്റ്റിട്ടശേഷം ഭർത്താവും മകനും ടാങ്കർ ലോറിയിലേക്ക് മനപ്പൂർവ്വം കാർ ഇടിച്ച് കയറ്റി ജീവനൊടുക്കുകയായിരുന്നു.എന്തിന്
വേണ്ടിയായിരുന്നു നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജും പതിനൊന്ന് വയസ്സുള്ള ശിവദേവും, ഇത്തരത്തിൽ മരണത്തിലേക്ക് വാഹനമോടിച്ച് കയറ്റിയത്. ആരോടായിരുന്നു ഇവരുടെ പ്രതികാരം.
ചൊവ്വാഴ്ച രാത്രി 12നാണ് ആറ്റിങ്ങൽ മാമത്തുവെച്ചാണ് സംഭവം. പ്രകാശ് ദേവരാജും മകൻ ശിവദേവും സഞ്ചരിച്ച കാർ കൊല്ലത്തുനിന്നും വന്ന
ടാങ്കർലോറിയിലേക്ക് ഇടിച്ചുകയറി അപകടം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രകാശിൻറെ സുഹൃത്തക്കളാണ്
പ്രകാശ് ഫേസ് ബുക്ക് പേജിലിട്ട പോസ്റ്റ് പൊലീസിന്‍റെ ശ്രദ്ധയിൽപെടുത്തിയത്.
രാത്രി പത്ത് 59ന് ഇട്ട പോസ്റ്റിൽ ഭാര്യ ശിവകലയുടേയും സുഹൃത്ത് അനീഷിന്‍റെയും അനീഷിന്‍റെ അമ്മയുടേയും വിദേശത്തുള്ള മറ്റ് രണ്ട്
പേരുടേയും ചിത്രങ്ങളുണ്ട്. എന്‍റെയും മകന്‍റെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാമ് പോസ്റ്റ്.
കുടുംബ പ്രശ്നം സൂചിപ്പിക്കുന്ന വിശദമായ ആത്മഹത്യാകുറിപ്പ് കാറിൽ നിന്നും പൊലീസിന് കിട്ടി.
'അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ', പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ്
മകൾ ക്ഷമിക്കണമെന്നും തന്‍റെയും മകന്‍റെയയും മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറിപ്പിലുണ്ട്. നൃത്ത അധ്യാപികയായ ശിവകല കഴിഞ്ഞ ജനുവരി മുതൽ ബഹ്റിനിലാണ്. ശിവകലക്ക് ആദ്യവിവാഹത്തിൽ ഉള്ള മകൾ പ്രകാശിനൊപ്പം
വട്ടിയൂർകാവിലെ വാടകവീട്ടിലായിരുന്നു താമസം.
സുഹൃത്തായ അനീഷ് നിർബന്ധിച്ചാണ് ശിവകലയെ ഗൾഫിലേക്ക് കൊണ്ടുപോയതെന്നാണ് പ്രകാശിന്‍റെ ആത്മഹത്യാകുറിപ്പിൽ പറയുന്നത്.
അനിഷിനും വിദേശത്തുള്ള രണ്ട് പേരുമായും ശിവകലക്ക് ബന്ധമുണ്ടെന്നും മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.
സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ പ്രകാശ് ദേവരാജ് ഇന്നലെ മകനെയും കൂട്ടി ഉച്ചക്കാണ് വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചക്ക്
ശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഭാര്യക്കും സഹൃത്തുക്കൾക്കുമെതിരെ പൊലീസിനും എംബസ്സിക്കും നൽകാനുള്ള പരാതി.
പ്രകാശ് ദേവരാജ് ഇന്നലെ അഭിഭാഷകനിൽ നിന്നും തയ്യാറാക്കിവാങ്ങിയിരുന്നു. എന്നാൽ പരാതി കിട്ടിയില്ലെന്നാണ് വട്ടിയൂകർകാവ് പൊലീസ്
പറയുന്നത്. പൊലീസ് മരണത്തിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056