
മധു വിഹാര്‍: ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മകന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി പിതാവ്. മൊബൈല്‍ ആപ്പ് ഡൗൺലോഡ് ആകാനുള്ള കാലതാമസത്തിന്‍റെ പേരിലുള്ള തര്‍ക്കത്തിനിടയില്‍ പിതാവിനോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയത്. ദില്ലിയിലെ മധു വിഹാറിലാണ് സംഭവം. എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് സീനിയര്‍ മാനേജരായി വിരമിച്ച അശോക് സിംഗ് എന്ന 64കാരനാണ് മകന്‍റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത്.
ഭാര്യ മഞ്ജു സിംഗിനും മകന്‍ ആദിത്യ സിംഗിനുമൊപ്പമായിരുന്നു അശോക് സിംഗ് താമസിച്ചിരുന്നത്. ഗുരുഗ്രാമില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറാണ് ആദിത്യ. അടുത്തിടെയാണ് അശോക് സിംഗ് ഗുരുഗ്രാമില്‍ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇത് സംബന്ധിയായ പണം കൈമാറ്റത്തിനായി ഭാര്യ മഞ്ജുവിനോട് ഫോണില്‍ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാന്‍ അശോക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അശോക് വിചാരിച്ചതിലും അധികം സമയം ആപ്പ് ഡൌണ്‍ലോഡ് ആവുന്നതിന് എടുത്തതോടെ ഇയാള്‍ പ്രകോപിതനാവുകയായിരുന്നു. ഭാര്യയോട് ഇതിനെ ചൊല്ലി അശോക് വാക്കേറ്റമായി.
ഇതിനിടെ പിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദിത്യയ്ക്ക് കുത്തേല്‍ക്കുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്തായിരുന്നു ആക്രമണം. ആദിത്യയെ ലാല്‍ ബഹാദുര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും വാരിയെല്ലിലുമായി രണ്ട് തവണയാണ് ആദിത്യയ്ക്ക് കുത്തേറ്റിട്ടുള്ളത്. മനപ്പൂര്‍വ്വം ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് അശോക് സിംഗിനെതിരെ കേസ് എടുത്തിട്ടുണ്ട്.
വീട്ടിൽ വൈഫൈ കണക്ഷൻ നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ മെയ് ആദ്യവാരത്തില്‍ എറണാകുളത്ത് അച്ഛനും മകനും കുത്തേറ്റിരുന്നു. പൂവത്തുശേരി സ്വദേശികളായ ഉണ്ണി, മകൻ സുജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തില്‍ തൃപ്പൂണിത്തുറ സ്വദേശി സുനിൽ ദത്തിനെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam