പശു മോഷ്‌ടാവെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; 40കാരൻ അത്യാസന്ന നിലയിൽ

By Web TeamFirst Published Aug 11, 2019, 7:03 PM IST
Highlights

രാവിലെ പത്ത് മണിക്ക് ഏത് കള്ളനാണ് പശുക്കളെ മോഷ്‌ടിക്കുകയെന്ന് മുസമ്മിലിന്റെ സഹോദരൻ

ബറേലി: പശുക്കളെ മോഷ്ടിക്കുന്നയാളെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ബറേലിയിൽ 40 കാരനെ ക്രൂരമായി തല്ലിച്ചതച്ചു. പൈഗ ഗ്രാമത്തിലാണ് സംഭവം. ഭോജിപോര പൊലീസ് കേസെടുത്തു.

മുസമ്മിൽ എന്നയാൾക്കാണ് മർദ്ദനമേറ്റത്. റൂപ്പുർ സൈഗ ഗ്രാമവാസിയാണ് ഇയാൾ. പൊലീസ് എത്തിയത് കൊണ്ട് മാത്രമാണ് ഇയാളെ ജീവനോടെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചതെന്നാണ് ഭോജിപോര സീനിയർ സബ് ഇൻസ്‌പെക്ടർ രവി ശങ്കറിന്റെ മൊഴി.

മുസമ്മിലിന്റെ പരിക്കുകൾ ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അത്യാസന്ന നിലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. ഇതുവരെ ബോധം വീണിട്ടില്ല. അതിനാൽ തന്നെ മൊഴി രേഖപ്പെടുത്താനും സാധിച്ചിട്ടില്ല.

ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായി. മുഖത്ത് മാരകമായ പരിക്കുകളുണ്ട്. ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം ഏത് കള്ളനാണ് രാവിലെ പത്ത് മണിക്ക് പശുക്കളെ മോഷ്ടിക്കാൻ ഇറങ്ങുകയെന്നാണ് മുസമ്മിലിന്റെ സഹോദരൻ പുട്ടാന ചോദിച്ചത്. ദില്ലിയിൽ പഴം വിൽപ്പനക്കാരനാണ് മുസമ്മിലെന്നും അസുഖം ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹം നാട്ടിലേക്ക് വന്നതെന്നും പുട്ടാന പറഞ്ഞു.

മുസമ്മിലിനെ മർദ്ദിച്ചതിന് ആർക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ മുസമ്മിലിനും അജ്ഞാതനായ മറ്റൊരാൾക്കുമെതിരെ പിടിച്ചുപറിക്കും വീട്ടിനകത്ത് അതിക്രമിച്ച് കടന്നതിനും കേസെടുത്തു.

click me!