
കാഞ്ഞിരപ്പളളി: കോട്ടയം കാഞ്ഞിരപ്പളളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം ബസ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. ചേനപ്പാടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ കണ്ടക്ടറില്‍ നിന്നാണ് യാത്രക്കാരന്‍ പണം മോഷ്ടിച്ചത്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു മോഷണം.
ജീവനക്കാർ ഊണുകഴിക്കാൻ ഹോട്ടലിലേക്ക് പോയ സമയത്ത് ബസിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് വെച്ച പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച് കളളന്‍ കടന്നു കളയുകയായിരുന്നു. കളക്ഷൻ തുകയായ 3300 രൂപ എടുത്ത ശേഷം ബാഗ് ഇയാള്‍ സ്റ്റാന്‍ഡിലെ ശുചിമുറക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഊണ് കഴിക്കാന്‍ പോയ ജീവനക്കാര്‍ തിരിച്ച് ബസിലെത്തിയപ്പോഴാണ് ബാഗ് കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം വ്യക്തമായത്.
വെളള മുണ്ടും ഇളം നീല നിറത്തിലുളള ഉടുപ്പും ധരിച്ച മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിന്‍റെയും ശുചിമുറിയില്‍ നിന്ന് പുറത്തു വരുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ സ്റ്റാന്‍റിലെ ക്യാമറകളില്‍ നിന്നും ജീവനക്കാര്‍ക്ക് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാവെന്ന് സംശയിക്കുന്ന ആള്‍ ബസില്‍ കറുന്നതിന്‍റെയും പിന്നീട് ബസിന്‍റെ പുറക് വശത്ത്കൂടി വന്ന് ശുചിമുറിയിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.
പണം കൊടുത്ത് ശുചിമുറിക്കുള്ളിലേക്ക് പോയ ഇയാള്‍ തിരികെ വരുമ്പോള്‍ ബാഗ് ഉണ്ടായിരുന്നില്ല. ഇതും സിസിടിവിയില്‍ വ്യക്തമാണ്. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ശുചിമുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയില്‍ ബാഗ് കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന രേഖകളും ബാഗിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More : വീരമൃത്യു വരിച്ച സൈനികന്‍റെ പിതാവിനെ ബീഹാര്‍ പൊലീസ് മര്‍ദ്ദിച്ച സംഭവം; സൈന്യം ഇടപെടുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam