തൃശ്ശൂർ: പൊതുസ്ഥലങ്ങളിൽ സ്ത്രീകളോട് സ്ഥിരമായി മോശമായി പെരുമാറുന്ന ഇരുപത്തിയഞ്ചുകാരനെ തൃശ്ശൂർ വെസ്റ്റ് പൊലീസ് പിടികൂടി. ഏനാമാവ് സ്വദേശി അവിനാശ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ പത്തോളം സ്ത്രീകൾ പരാതി നൽകിയതായി പൊലീസ് അറിയിച്ചു.
ബസ്സുകൾ, മാർക്കറ്റുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളാണ് അവിനാശിന്‍റെ സ്ഥിരം വിഹാരകേന്ദ്രങ്ങൾ. മറ്റുള്ളവരുടെ ശ്രദ്ധ വരാത്ത സമയം സ്ത്രീകളോട് മോശമായി പെരുമാറുന്നത് ഇയാളുടെ സ്ഥിരം സ്വഭാവമാണ്. സ്ത്രീകളുടെ ശരീരത്തിൽ ഇടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്ത ശേഷം ഓടിപ്പോകുന്നതാണ് ഇയാളുടെ രീതി. തൃശ്ശൂർ നഗരത്തിൽ നിന്ന് മാത്രം നിരവധി സ്ത്രീകൾ ഇങ്ങനെ ഒരാൾക്കെതിരെ പരാതിയുമായെത്തി. ആഴ്ചകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചേറ്റുപുഴയ്ക്ക് സമീപം വച്ച് ഇയാളെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് അവിനാശിനെ തിരിച്ചറിഞ്ഞത്.
രണ്ട് മാസത്തോളമായി നിരവധി സ്ത്രീകളെ ഉപദ്രവിച്ചതായി പ്രതി സമ്മതിച്ചു.