സിലിയുടേയും ആല്‍ഫിന്‍റേയും മരണരഹസ്യം തേടി മാരത്തണ്‍ ചോദ്യം ചെയ്യല്‍

By Web TeamFirst Published Oct 14, 2019, 11:02 PM IST
Highlights

രാവിലെ 9 നും 10 നും ഇടയ്ക്ക് വടകര റൂറൽ എസ്പി ഓഫീസിൽ എത്താനാണ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഇദ്ദേഹത്തിന്റെ അച്ഛൻ സക്കറിയ എന്നിവരോട് ആവശ്യപ്പെട്ടത്. എന്നാൽ 7.55 ന് തന്നെ ഇവർ ഓഫീസിലെത്തി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട് ഇന്ന് റൂറല്‍ എസ്പിയുടെ ഓഫീസില്‍ നടന്നത് മാരത്തണ്‍ ചോദ്യം ചെയ്യല്‍. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയയും വിട്ടയച്ചു. ഒന്നാം പ്രതി ജോളി രണ്ടാം പ്രതി മാത്യു മൂന്നാം പ്രതി പ്രജു കുമാർ എന്നിവരെയും വടകര എസ് പി ഓഫീസിൽ എത്തിച്ചു  ചോദ്യം ചെയ്തു

രാവിലെ 9 നും 10 നും ഇടയ്ക്ക് വടകര റൂറൽ എസ്പി ഓഫീസിൽ എത്താനാണ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഇദ്ദേഹത്തിന്റെ അച്ഛൻ സക്കറിയ എന്നിവരോട് ആവശ്യപ്പെട്ടത്. എന്നാൽ 7.55 ന് തന്നെ ഇവർ ഓഫീസിലെത്തി. പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ 10.10 നും ഓഫീസിലെത്തിച്ചു. പിന്നീട് അന്വേഷണസംഘം മൂവരെയും മാറി മാറി ചോദ്യം ചെയ്തു. ഷാജുവിനെയും ജോളിയെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യലുണ്ടായി. ഷാജുവിനേയും സക്കറിയയും ഒരുമിച്ചിരുത്തി എസ്പി നേരിട്ട് തന്നെ ചോദ്യം ചെയ്തു.

ഉച്ചക്ക് 12.50 ന് രണ്ടാം പ്രതി മാത്യുവിനേയും ചോദ്യം ചെയ്യാൻ കൊണ്ടുവന്നു. മൂന്നാം പ്രതി പ്രജു കുമാറിനെ എത്തിച്ചത് മൂന്നുമണിക്ക്. വീണ്ടും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. മാരത്തണ്‍ ചോദ്യം ചെയ്യല്ലിനൊടുവില്‍ ചില നിർണായക വിവരങ്ങൾ ലഭിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്. സിലിയുടെയും ആൽഫൈന്‍റേയും മരണം സംബന്ധിച്ചാണ് ഷാജു, സക്കറിയ എന്നിവരെ പ്രധാനമായും ചോദ്യം ചെയ്തത് എന്നാണ് സൂചന. രാവിലെ പത്തേകാലോടെ ആരംഭിച്ച ഇവരുടെ ചോദ്യംചെയ്യൽ നീണ്ടത് 10 മണിക്കൂർ. ഒടുവിൽ വൈകുന്നേരത്തോടെ ഇരുവരെയും വിട്ടയച്ചു.

പൊലീസ് കസ്റ്റഡിയിലുള്ള ജോളി, മാത്യു ,പ്രജുകുമാർ എന്നിവരുടെ ചോദ്യംചെയ്യൽ നാളെയും തുടരും. രണ്ടുമണിക്കൂർ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തതിനുശേഷമാണ് മാത്യുവിനെ വടകര റൂറൽ എസ് പി ഓഫീസിലേക്ക് കൊണ്ടുവന്നത്. ചോദ്യം ചെയ്യല്ലിനിടെ നാലു പേരുടെയും മൊഴിയിലെ വൈരുധ്യങ്ങൾ കാണിച്ചു കൊണ്ട് പലപ്പോഴും പോലീസ് ഇടപെട്ടു. പൊലീസിന് നല്‍കിയ മൊഴിയില്‍ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം ശരിയാണ് എന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ പരിശോധന തുടരും. 

click me!