മറയൂരിനെ ഞെട്ടിച്ച് വയോധികന്‍റെ കൊലപാതകം; മൃതദേഹം കണ്ടെത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കുടുക്കി പൊലീസ്

By Web TeamFirst Published Feb 24, 2020, 11:00 PM IST
Highlights

മറയൂര്‍ കാന്തല്ലൂര്‍ റോഡിന് സമീപത്തെ ടിഎല്‍ബി കനാലിന്റെ അരികില്‍ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടു കൂടിയാണ് ചാക്കില്‍ കെട്ടിതള്ളിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

മറയൂര്‍: ഇടുക്കി മറയൂരിൽ വയോധികനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി വഴിയരികില്‍ തള്ളിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എരുമേലി തെക്ക് വില്ലേജ് ശാന്തിപുരം തുവരന്‍ പാറ ആലയില്‍ വീട്ടില്‍ മോഹനന്‍ മകന്‍ മിഥുന്‍ (29), മറയൂര്‍ ബാബു നഗര്‍ സ്വദേശി അന്‍പ് എന്ന അന്‍പഴകന്‍ (65) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറയൂര്‍ പഞ്ചായത്തംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉഷാ തമ്പിദുരയുടെ പിതാവ് മാരിയപ്പന്‍റെ(70) മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

മറയൂര്‍ കാന്തല്ലൂര്‍ റോഡിന് സമീപത്തെ ടിഎല്‍ബി കനാലിന്റെ അരികില്‍ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടു കൂടിയാണ് ചാക്കില്‍ കെട്ടിതള്ളിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ അന്‍പിന്റെ വീടിന് മുന്‍പിലുള്ള മുറിയിലാണ് മരപ്പണിക്കാരനായ മിഥുന്‍ വാടകയ്ക്ക് താമസിച്ചു വരുന്നത്. ഈ വീടിന്റെ മുന്‍വശം കഴുകി വൃത്തിയാക്കിയ നിലയിലും കണ്ടെത്തി.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; വത്തല്‍ കുണ്ടില്‍ നിന്നും മറയൂരില്‍ മടങ്ങിയെത്തിയ മാരിയപ്പന്‍ മദ്യം വാങ്ങി അന്‍പഴകനും മിഥുനിനുമൊപ്പം അവരുടെവീട്ടിൽ‌ വച്ച് കുടിച്ചു. നന്നായി മദ്യപിച്ച മൂവരും ടിവി കണ്ടുകൊണ്ടിരിക്കവെ വീണ്ടും മദ്യം വാങ്ങുന്ന കാര്യത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുറിയില്‍ ഉണ്ടായിരുന്ന വാക്കത്തി ഉപയോ​ഗിച്ചാണ് മാരിയപ്പനെ പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചത്. വായ പൊത്തി പ്രതികൾ മാരിയപ്പന്റെ ദേഹത്ത് നിര്‍ത്താതെ കുത്തുകയും വെട്ടുകയുമായിരുന്നു. പിന്നീട് കാലും കൈയ്യും കെട്ടി മൃതദേഹം പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി തലയില്‍ ചുമന്ന് 150 മീറ്റര്‍ അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

Read More: മറയൂര്‍ മുന്‍ പഞ്ചായത്ത് അംഗത്തിന്‍റെ പിതാവിന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, വെട്ടേറ്റ പാടുകള്‍

അതേസമയം, ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മാരിയപ്പന്റെ വികൃതമായ മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും കുഴങ്ങിയിരുന്നു. മൃതദേഹം തിരിച്ചറിയുവാന്‍ സഹായമായത് മൃതദേഹത്തില്‍ കണ്ടെത്തിയ പൂണൂലാണ്. ചാക്കിൽനിന്ന് മൃതദേഹം പുറത്തെടുത്തപ്പോൾ പുണൂൽ കണ്ട് ആദ്യം കൊല്ലപ്പെട്ടത് മാരിയപ്പനാണെന്ന് തിരിച്ചറിഞ്ഞത് മറയൂര്‍ പട്ടം കോളനി സ്വദേശിയും സി.പി.എം പ്രാദേശിക നേതാവുമായ കെ വി മനോജ് ആണ്. തുടർന്ന് മനോജ് പൊലീസിൽ വിവരമറിയിച്ചു. ഇതിന് പിന്നാലെ പൊലീസും മനോജും പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മാരിയപ്പനെ കാണാതായ വിവരം മനസ്സിലാക്കി. ഞായറാഴ്ച രാത്രി കുടുംബവുമായി സംസാരിച്ചതന്റെ അടിസ്ഥാനത്തില്‍ മാരിയപ്പന്‍ അന്‍പഴകന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞതായി അറിഞ്ഞു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം അന്‍പഴകനിലേക്കും മിഥുനിലേക്കും നീങ്ങിയത്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി കെ മധു എത്തി പരിശോധന നടത്തി. മാരിയപ്പനെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സമീപത്തെ വീട്ടിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇടുക്കിയില്‍ നിന്നുള്ള പൊലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

ഹൈറേഞ്ച് മേഖലയിലും തമിഴ്‌നാട്ടിലും അറിയപ്പെടുന്ന ജ്യോതിഷ്യനായ മാരിയപ്പന്‍ സ്വന്തം ജീവിതഗതി തിരിച്ചറിഞ്ഞില്ല. മാസങ്ങളായി ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്ന കൊച്ചു മകന്റെ പ്രായമായ യുവാവ് തന്റെ ഘാതകനാകുമെന്ന് തിരിച്ചറിയുന്നതിന് മാരിയപ്പന് കഴിഞ്ഞില്ല. ജ്യോതിഷ വിഷയവുമായി തമിഴ്‌നാട്ടിലെ നിരവധി പ്രദേശങ്ങളില്‍ പോകുന്നത് പതിവായിരുന്നു. തിരിച്ചു വരുമ്പോള്‍ ബാബുനഗറിലെ അന്‍പഴകന്റെ വീട്ടില്‍ എത്തി മദ്യപിച്ച് അവിടെ തന്നെ മൂന്നു ദിവസം കഴിയുക പതിവായിരുന്നു. 

ഇടുക്കി എസ്‍പിപി കെ മധു, തൊടുപുഴ ഡിവൈഎസ്പി കെപി ജോസ്, മൂന്നാര്‍ ഇന്‍സ്‌പെക്ടര്‍ റെജി എം കുന്നിപറമ്പന്‍, മറയൂര്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ജഗദീശ്, മറയൂര്‍ എസ് ഐമാരായ ജി അജയകുമാര്‍, വിഎം മജിദ്, മാഹിന്‍ സലിം ,വിദ്യ വി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തി വരുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കൊലപാതകത്തിനുപയോഗിച്ച വാക്കത്തിയും കയറിന്റെ ബാക്കി ഭാഗവും കണ്ടെടുത്തു.

click me!