പെണ്‍കുട്ടി അറിയാതെ അവളുടെ കല്ല്യാണം ഉറപ്പിച്ച് അയല്‍ക്കാരി; തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ.!

By Web TeamFirst Published Feb 15, 2020, 12:25 PM IST
Highlights

വധുവിന്‍റെ വീടെന്ന വ്യാജേന തിരുവാര്‍പ്പ് സ്വദേശി സുനിലിന്‍റെ വീടും തങ്ങള്‍ക്ക് രാഷ്ട്രീയമായി ഉന്നത ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ തിരുവാര്‍പ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫിസിന്‍റെ ഫോട്ടോയും അയച്ചു നല്‍കി.  

കുമരകം: പെണ്‍കുട്ടിയോ, വീട്ടുകാരോ അറിയാതെ വിവാഹം ഉറപ്പിച്ച് തട്ടിപ്പിന് ശ്രമിച്ച അയല്‍ക്കാരിയായ യുവതി അറസ്റ്റില്‍. കോട്ടയം കുമരകത്താണ് സംഭവം അരങ്ങേറിയത്.  അയല്‍ക്കാരിയായ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വീട്ടമ്മ നടത്തിയ വിവാഹാലോചനസ്വീകരിച്ച കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങളാണ്.  കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ എം.കെ.വികേഷാണ് തട്ടിപ്പിന് ഇരയായത്. വികേഷിന്‍റെ പരാതിയില്‍ തിരുവാര്‍പ്പ് സ്വദേശിയായ വീട്ടമ്മയെ കുമരകം പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. പരാതിയില്‍   സി.ഐ. ഷിബു പാപ്പച്ചന്റേയും എസ്.ഐ.ജി. രജന്‍ കുമാറിന്റെയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ പൊലിസ് പറയുന്നത് ഇങ്ങനെ,  തിരുവാര്‍പ്പ് സ്വദേശിനിയും ഡാന്‍സ് ടീച്ചറുമായ യുവതിയുടെ പേരില്‍ അയല്‍ക്കാരിയായ വീട്ടമ്മ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി വിവാഹാലോചന നടത്തുകയായിരുന്നു. വാട്ട്‌സ്ആപ്പ് നമ്പരില്‍   വികേഷിന്‍റെ വീട്ടുകാരുമായും വധുവെന്ന വ്യാജേന ഇവര്‍ ബന്ധപ്പെട്ടു. തിരുവനന്തപുരം ഗവ. ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ഉണ്ടെന്നറിയിച്ച ഇവര്‍ അയല്‍വാസി യുവതിയുടെ ഫേസ്ബുക്കില്‍ നിന്നെടുത്ത ചെറുപ്പം മുതലുള്ള ഫോട്ടോകള്‍ അയച്ചു കൊടുക്കുകയും ചെയ്തു. 

വധുവിന്‍റെ വീടെന്ന വ്യാജേന തിരുവാര്‍പ്പ് സ്വദേശി സുനിലിന്‍റെ വീടും തങ്ങള്‍ക്ക് രാഷ്ട്രീയമായി ഉന്നത ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ തിരുവാര്‍പ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫിസിന്‍റെ ഫോട്ടോയും അയച്ചു നല്‍കി.  ജനുവരി 27ന് കണ്ണൂരില്‍ നിന്നും വിവാഹ ആലോചനക്കായി കോട്ടയം വരെ എത്തിയ വികേഷിന്‍റെ ബന്ധുക്കളോട്  വീട്ടില്‍ മരണം നടന്നുവെന്നും ഇന്ന് വീട്ടില്‍ വരേണ്ടെന്നും അറിയിച്ച് എം.ജി.ലോഡ്ജില്‍ തങ്ങാന്‍ അറിയിച്ചു .ലോഡ്ജില്‍  മറ്റൊരാളുമായി എത്തി  മരണവീട്ടില്‍ വെച്ച് വിവാഹം ഉറപ്പിക്കുന്നത് ശരിയല്ലെന്ന് അറിയിച്ച് ലോഡ്ജില്‍ വെച്ച് വിവാഹം ഉറപ്പിച്ചു. ഞായറാഴ്ച വിവാഹം നടത്താനായിരുന്നു തീരുമാനം.

കഴിഞ്ഞ ആഴ്ച കണ്ണുരുള്ള ബന്ധുവീട്ടില്‍  എത്തി ഡ്രസിന്‍റെ അളവും മോഡലും നല്‍കുമെന്നറിയിച്ചെങ്കിലും ഇവര്‍ എത്തിയില്ല.  ഇത് വാങ്ങാന്‍ ഇന്നലെ എത്തിയ വികേഷിന്‍റെ  സഹോദരിയും ഭര്‍ത്താവും കോട്ടയത്ത് എത്തിയപ്പോള്‍ പെണ്ണിന്‍റെ അമ്മക്ക് ചിക്കന്‍പോക്‌സ് ആണെന്നും വീട്ടിലേക്ക് വരേണ്ടെന്നും അറിയിക്കുകയായിരുന്നു.  കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വധുവിന്‍റെ അമ്മയെന്നറിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല . 

പിന്നീടു വിളിച്ചപ്പോള്‍ ഫോണും സ്വിച് ഓഫ് ചെയ്തിരുന്നു. സംശയം തോന്നി തിരുവാര്‍പ്പില്‍ എത്തി പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ടു. ഫോട്ടോയും അഡ്രസും കണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുമായി തിരുവാര്‍പ്പിലുള്ള യുവതിയുടെ വീട്ടില്‍ എത്തിയതോടെയാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിയുന്നത്. വിവാഹം ഉറപ്പിക്കാന്‍ ലോഡ്ജില്‍ സഹോദരന്‍ എന്നു  പറഞ്ഞെത്തിയ പുതുപ്പള്ളി സ്വദേശിയാണു സൂത്രധാരനെന്നു പോലീസ് കരുതുന്നു.  

സ്ത്രീധനം ഒന്നും ഇല്ലാതെ നടത്താന്‍ തീരുമാനിച്ച വിവാഹത്തിനായി വരന്‍റെ വീട്ടുകാര്‍  വന്‍ തുക ചെലവഴിച്ചിരുന്നു. മൂന്നു ലക്ഷം രൂപാ മുടക്കി വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തി, 400 പേര്‍ക്കിരിക്കാവുന്ന പന്തലിട്ടു.  പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള വരെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു.

click me!