
തിരുവനന്തപുരം: കാട്ടാക്കടയിൽ ബധിരയും മൂകയുമായ വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കമ്മലുകള്‍ മോഷ്ടിച്ച പ്രതി എവിടെ ?
സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെക്കുറിച്ച് കാര്യമായ സൂചനകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. എന്തായാലും ഈ കേസിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖ ചിത്രം തയ്യാറാക്കിയത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കാട്ടാക്കടയില്‍ ബധിരയും മൂകയുമായ കുമാരിയെ മുഖംമൂടി ധരിച്ച് വീട്ടിൽ കയറി കള്ളൻ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കമ്മലുകള്‍ ഊരിവാങ്ങിയത്. മോഷണ സയമം കുമാരിുടെ മകളും മരുകൻ രതീഷും പള്ളിയിൽ പോയിരിക്കുകയായിരുന്നു. മോഷണം നടക്കുന്നതിന് മുന്‍പ് വീട്ടിനു സമീപത്തെ കടയിലെത്തിയ ഒരാള്‍ രതീഷ് താമസിക്കുന്ന സ്ഥലം ചോദിച്ചിരുന്നു. ഇവിടെയുണ്ടായിരുന്നവരുടെ വിവരണത്തിന്‍റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.
മോഷണം നടന്ന ഒരാഴ്ച കഴിഞ്ഞിട്ടും മോഷ്ടാവിനെ കുറിച്ച് ഒരു സൂചനയും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. നിരവധി സിസിടിവികള്‍ പരിശോധിച്ചുവെങ്കിലും ബൈക്കിൽ പോകുന്ന മോഷ്ടാവിന്‍റെ വ്യക്തയായ ചിത്രവും ഇതേവരെ ലഭിച്ചിട്ടില്ല. മുന്‍പ് മോഷണക്കേസുകളിൽ പ്രതികളായവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരുതുന്പും ലഭിച്ചില്ല.
ഇതേ തുടർന്നാണ് രേഖാ ചിത്രം പുറത്തിറക്കിയത്. 45നും അമ്പതിനും വയസ്സിനടയിൽ പ്രായമുള്ള ഒരാളാണ് മോഷ്ടാവെന്നാണ് സംശയം. വീട്ടുടമ രതീഷിന് ഏഴു ലക്ഷം രൂപ ചിട്ടകിട്ടിയിരുന്നു. ഈ പണം വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത് അറിയാമായിരുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫീസറെയോ, ഡിവൈഎസ്പിയോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.