
തൃശ്ശൂര്‍: ട്രാവലർ തട്ടിയെടുത്ത് ഡ്രൈവറെ ബന്ദിയാക്കി പണം തട്ടിയെടുത്ത സംഭവത്തിൽ 5 പേർ തൃശ്ശൂർ മണ്ണുത്തിയിൽ പിടിയിലായി. പൂമല സ്വദേശി ഷിനുരാജിനെ ബന്ദിയാക്കിയാണ് അന്പതിനായിരം രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ 27നാണ് സംഭവം നടന്നത്. തൃശൂർ കൊക്കാലയില്‍ ട്രാവലര്‍ ഓടിക്കുന്ന പൂമല സ്വദേശി ഷിനു രാജിനു നേരെയായിരുന്നു അതിക്രമം നടന്നത്. തൃശൂർ സ്വദേശികളായ രാഹുൽ, ആദർശ്, ബിബിൻ രാജ്, ബാബുരാജ്, അമൽ എന്നിവരാണ് പ്രതികൾ. ഷിനുരാജിന്‍റെ വീട്ടിലെത്തിയ ഇവർ ട്രാവലർ വാടകയ്ക്ക് നൽകാനാവശ്യപ്പെട്ടു. ഷിനു വിസമ്മതിച്ചു.
ട്രാവലറിന്‍റെ താക്കോല്‍ സുഹൃത്തിന്‍റെ കൈയ്യിലായിരുന്നു ഷിനു ഏല്‍പ്പിച്ചിരുന്നത്. ഇതറിഞ്ഞ സംഘം താക്കോൽ വാങ്ങി ട്രാവലറുമായി കടന്നുകളഞ്ഞു. വണ്ടി തിരികെ നൽകാമെന്നു പറഞ്ഞാണ് ഷിനുവിനെ വിളിച്ചു വരുത്തിയത്. ട്രാവലർ ഷിനുവിന്‍റെ സുഹൃത്തിന്‍റെ കൈയ്യില്‍ കൊടുത്തയച്ചെങ്കിലും ഷിനുവിനെ ബന്ദിയാക്കി. 5 ലക്ഷം ആവശ്യപ്പെട്ടു മർദ്ദിച്ചു. ഒരു പകൽ മുഴുവൻ മർദ്ദനം തുടർന്നു
മർദ്ദനം സഹിക്കവയ്യാതെ അമ്പതിനായിരം രൂപാ പ്രതികളിലൊരാളായ ആദർശിന് ട്രാൻസ്ഫർ ചെയ്തു. ബാക്കി തുക വീട്ടിലെത്തി നൽകാമെന്ന ഉറപ്പിലാണ് വിട്ടയച്ചത്. രണ്ടു ദിവസത്തിനു ശേഷം പണമാവശ്യപ്പെട്ടുള്ള ഭീഷണി തുടർന്നതോടെ ഷിനു വീട്ടുകാരോട് വിവരം പറഞ്ഞു.
തുടർന്ന് ഒല്ലൂർ എ സി പി കെ.സി. സേതു വിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് 5 പ്രതികളെ പിടികൂടി. സംഘത്തിലുണ്ടായിരുന്ന 4 പേർ കൂടി വൈകാതെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.