കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തു, പരിശോധന ഭയന്ന് കണ്ണൂരിൽ ഇറങ്ങി, പിടിച്ചത് ഒരു കോടിയിലധികം വിലയുള്ള എംഡിഎംഎ

By Web TeamFirst Published Sep 22, 2022, 12:04 AM IST
Highlights

റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്ക് മരുന്നായ 600 ഗ്രാം എംഡി എംഎയാണ് ആർ പി എഫും എക്സൈസും ചേർന്ന് പിടികൂടിയത്.

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്ക് മരുന്നായ 600 ഗ്രാം എംഡി എംഎയാണ് ആർ പി എഫും എക്സൈസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ എം ജാഫറിനെ അറസ്റ്റ് ചെയ്തു.  ദില്ലിയിൽ നിന്നും തിരുവനന്തപുരത്തക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിൽ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്. 

കോഴിക്കോട് കൊടുവള്ളി എലെറ്റിൽ കിഴക്കൊത്ത് സ്വദേശി നടമുറിക്കൽ വീട്ടിൽ ജാഫറിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത ഇയാൾ പരിശോധന ഭയന്ന് കണ്ണൂരിൽ ഇറങ്ങുകയായിരുന്നു. റോഡ് മാർഗ്ഗം കോഴിക്കോടെത്താനായിരുന്നു ശ്രമം. വലിയ പരിശോധന ഉണ്ടാവില്ലെന്ന് കരുതിയാണ് സ്റ്റോപ്പുകൾ കുറവുള്ളതും വലിയ ചെലവ് വരുന്നതുമായ രാജധാനി എക്സ്പ്രസിൽ കയറിയത്. 

പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ വച്ചിരുന്നത്. ന്യൂഡൽഹിയിൽ നിന്നും നിന്നും മയക്കുമരുന്ന് വാങ്ങി കൊണ്ടുവന്ന് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കു വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചു. വിപണിയിൽ ഒരു കോടി ക്ക് മേലെ വില വരുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎ. ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുമ്പും ഇത്തരത്തിൽ മയക്കുമരുന്നു കടത്തിയിട്ടുണ്ടോയെന്ന് എക്സൈസ് അന്വേഷിക്കും.

Read more:  മാന്നാറിൽ ഉയരത്തിലുള്ള മതിൽ ചാടിയെത്തി, അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു

അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട. അഞ്ച് യാത്രികരില്‍ നിന്നായി  നാലേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്ന് പിടിച്ചെടുത്തു. പിടിയിലായവരിൽ രണ്ട് ദമ്പതിമാരും ഒരു മലേഷ്യൻ പൗരയായ ഇന്ത്യൻ വംശജ്ഞയും ഉൾപ്പെടുന്നു. 

ദുബായില്‍ നിന്നുള്ള  എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ ഷബ്ന ഷാഹുല്‍, ക്വാലാലംപൂരില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ  തീര്‍ത്ഥ മലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി. ഈ ദമ്പതികളുടെ സുഹൃത്തും മലേഷ്യന്‍ പൗരയുമായ സരസ്വതി കൃഷ്ണസാമി എന്നിവരാണ് ഇന്ന് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കസ്റ്റംസിൻ്റെ പിടിയിലായത്. 

click me!