ദില്ലിയിൽ വൻ ലഹരിവേട്ട; അന്താരാഷ്ട്ര വിപണിയിൽ 48 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തു പിടികൂടി

By Web TeamFirst Published Sep 8, 2020, 12:16 AM IST
Highlights

ദില്ലിയിൽ വൻ ലഹരി വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 48 കോടിയോളം വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.

ദില്ലി: ദില്ലിയിൽ വൻ ലഹരി വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 48 കോടിയോളം വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളുൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

കൊറിയര്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയാണ് സംഘം മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയിരുന്നത്. ഈ മാസം ആദ്യം കൊറിയര്‍ വഴിയെത്തിയ 970 ഗ്രാം ഹെറോയിനടങ്ങിയ പാഴ്‌സല്‍ എന്‍സിബി പിടിച്ചെടുത്തിരുന്നു. ഇതോടെ മയക്കുമരുന്ന് വ്യാപാര കണ്ണികളെ കണ്ടെത്താന്‍ എന്‍സിബി അന്വേഷണം തുടങ്ങി. 

പാഴ്സർ കവറിൽ നിന്ന് ലഭിച്ച വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം മഹിപാല്‍പുരിലെ ഒരു ഹോട്ടലിൽ അന്വേഷണ സംഘത്തെ എത്തിച്ചു. ഇവിടെ നിന്നാണ് പ്രതികളായ വാഹിദ്, മൊഹ്‌സിന്‍, ഷാജഹാന്‍, ഹനീഫ്, മുന്നസിര്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത്. ഇവരിൽ നിന്നും ലഹരിമരുന്നും പിടികൂടി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആഫ്രിക്കൻ സ്വദേശിയിലേക്കും മ്യാൻമാ‌ർ സ്വദേശിനിയിലേക്കും അന്വേഷണ ഏജൻസി എത്തിയത്.

പിടിയിലായ മ്യാൻമാർ യുവതി ആഫ്രിക്കന്‍ സ്വദേശിക്ക് വേണ്ടി വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതായി എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു കണ്ണികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പറഞ്ഞു.

click me!