
ബെംഗളൂരു: ചായ കുടിക്കാന്‍ ബേക്കറിയിലെത്തിയ രണ്ടുപേർ കടയുടമയായ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. 60 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. രാമനഗര ജില്ലയിലെ മാധപുരയിലാണ് സംഭവം. മാധപുര സ്വദേശിയായ രേണുകയാണ് പരാതി നൽകിയത്.
മൈസൂർ റോഡിനു സമീപം രേണുക നടത്തുന്ന ബേക്കറിയിൽ ചായയും ബിസ്ക്കറ്റും കഴിക്കാനെന്ന വ്യാജേനയെത്തിയ സംഘം കടയുടെ ഉള്ളിൽകയറി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബലപ്രയോഗത്തിനിടയിൽ പ്രതികൾ രേണുകയുടെ മുഖത്ത് ശക്തിയായി ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
കവർച്ച നടത്തിയതിന്റെ ഒരു ദിവസം മുൻപും ഇരുവരും ബേക്കറിയിലെത്തി ചായ കഴിച്ചിരുന്നു. സംഭവ ദിവസവും ഏകദേശം അരമണിക്കൂറോളം ഇവർ ബേക്കറിക്ക് ചുറ്റും ചുറ്റിക്കറങ്ങിയിരുന്നതായി യുവതി പറയുന്നു.
Read More: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് എണ്‍പത് പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു
രണ്ടുപേരും കന്നഡയിലാണ് സംസാരിച്ചിരുന്നതെന്നും യുവതി വ്യക്തമാക്കുന്നു. 17 വർഷത്തോളമായി മൈസൂർ റോഡിൽ ബേക്കറി നടത്തുകയാണ് രേണുക. സംഭവത്തിൽ മാധപുര പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam