
എറണാകുളം: കോതമംഗലത്ത് അതിതീവ്ര ലഹരിമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 10 ഗ്രാം ഹെറോയിനുമായി അസം സ്വദേശിയാണ് എക്സൈസിന്‍റെ പിടിയിലായത്. പെരുന്പാവൂരിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയും അറസ്റ്റിലായി.
എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് അതിതീവ്ര ലഹരിമരുന്നുമായി കോതമംഗലത്ത് അസം സ്വദേശി അനറുൽ ഹക്ക് അറസ്റ്റിലായത്. പെരുന്പാവൂരിൽ മുറി വാടകയ്ക്ക് എടുത്താണ് ലഹരിമരുന്ന് കച്ചവടം. കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു പ്രധാന വിൽപ്പന. 56 കുപ്പികളിലായാണ് ഇയാൾ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അഞ്ച് ഗ്രാമിൽ കൂടുതൽ ഹെറോയിൻ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതുമായ കുറ്റമാണ്.
പെരുന്പാവൂർ ചെറുവേലിക്കുന്നിൽ നിന്നുമാണ് രണ്ട് കിലോ 170 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ബാപൻ മണ്ടലിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. നാട്ടിൽ നിന്ന് തീവണ്ടി മാർഗ്ഗമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി മൊഴി നൽകി. പെരുന്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ലഹരിമരുന്ന് വേട്ടയ്ക്കായുള്ള പ്രത്യേക ഡ്രൈവ് ഒക്ടോബർ അഞ്ച് വരെ തുടരുമെന്ന് എക്സൈസ് അറിയിച്ചു.