
തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ച് മാസങ്ങളോളം പീഡിപ്പിച്ചതായി കണ്ടെത്തൽ. ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ സ്പാ ഉടമകളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ സ്പാ ഉടമകളായ നിശാന്ത്, സജിത്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, നിശാന്തിന്റെ ഉടമസ്ഥതയിലുള്ള സ്പാ സർക്കാർ ഉദ്യോഗസ്ഥന്റെ ബിനാമി സ്ഥാപനമാണെന്നും സംശയമുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണവും ഇതിനുപിന്നാലെ പൊലീസിന് തോന്നിയ സംശയവുമാണ് ഞെട്ടിക്കുന്ന പീഡനം പുറത്തറിയാൻ കാരണമായത്. ദിവസങ്ങൾക്ക് മുൻപാണ് കോവളത്തെ സ്പായിൽ ജോലിചെയ്യുന്ന ആന്ധ്ര സ്വദേശിനിയായ പെൺകുട്ടി ഒപ്പം ജോലിചെയ്യുന്ന യുവാവിനൊപ്പം ഒളിച്ചോടിപ്പോയെന്ന് പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തി പെൺകുട്ടിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ 20 വയസ്സായിരുന്നു പ്രായം. എന്നാൽ, സംശയം തോന്നിയ പൊലീസ് സംഘം കൂടുതൽവിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടി പഠിച്ച സ്കൂൾ കണ്ടെത്തി അവരിൽനിന്ന് ഇമെയിൽ വഴിയും വിവരങ്ങൾ തേടി. സ്കൂളിൽനിന്ന് ലഭിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്ന് തെളിഞ്ഞത്. ഇതോടെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. ഈ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്.
ബന്ധുക്കളായ ദമ്പതിമാരാണ് പെൺകുട്ടിയെ ആന്ധ്രയിലെ വീട്ടിൽനിന്ന് ആദ്യം ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഏതാനുംമാസങ്ങൾ ചെന്നൈയിൽ താമസിപ്പിച്ച പെൺകുട്ടി അവിടെവെച്ചും പീഡനത്തിനിരയായിരുന്നു. തുടർന്ന് കഴിഞ്ഞ ജൂലായിൽ കോവളത്തെ സ്പായിലെത്തിച്ചു. സജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്പായിലാണ് ആദ്യം കൊണ്ടുവന്നത്. പിന്നീട് നിശാന്തിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് സ്പായിലും എത്തിച്ചു. രണ്ടിടത്തുവെച്ചും നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിനിടെയാണ് ഒപ്പം ജോലിചെയ്യുന്ന യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടിപ്പോയത്.
അതേസമയം, നിശാന്തിന്റെ പണമിടപാടുകൾ പരിശോധിച്ചതോടെയാണ് ഇയാളുടെ സ്ഥാപനം സർക്കാർ ജീവനക്കാരന്റെ ബിനാമി സ്ഥാപനമാണോ എന്ന സംശയവും ഉയർന്നത്. സ്പായിൽനിന്നുള്ള വരുമാനം നിശാന്ത് ദിവസവും ഒരു സർക്കാർ ഉദ്യോഗസ്ഥന് അയച്ചുനൽകിയിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനാണിത്. ഈ പണമിടപാട് എന്തിനാണെന്നും മറ്റും പൊലീസ് പരിശോധിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam