
കൊച്ചി: കൊച്ചിയിൽ വാഹനത്തിനുള്ളിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശിനിയെയും എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ യുവതിയുടെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്‍റേതാണ്.
തേവരയിലെ ഹോട്ടൽ പാർക്കിംഗിൽ മോഡൽ കുഴഞ്ഞ് വീണ ശേഷം മൂന്ന് പ്രതികൾ ചേർന്ന് വാഹനത്തിൽ കയറ്റുമ്പോൾ ഡിംപൽ വാഹനത്തിൽ ആദ്യം കയറിയിരുന്നില്ല. നാൽപത്തിയഞ്ച് മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശേരി മെഡിക്കൽ കൊളെജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. പിടിയിലായവരെ ലഹരി പരിശോധനക്കും വിധേയമാക്കും.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയും ഇവരും പരിചയക്കാരാണ്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. എന്നാൽ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്ത് മണിയോടെ ബാറിൽ കുഴഞ്ഞു വീഴുകയായിരുന്നു.
മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവർക്കൊപ്പം വാഹനത്തിൽ കയറിയതുമില്ല. ഇതിന് ശേഷമായിരുന്നു ക്രൂര ബലാത്സംഗം നടന്നത്. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുളളിൽവെച്ച് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam