
കോഴിക്കോട്: പറമ്പിൽ ബസാറിലെ മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതി സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ദുരൂഹമായ ഷഹാനയുടെ മരണത്തിന് പിന്നാലെ പെലീസിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്.
ഭർത്താവ് സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുധർശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് അറിയിച്ചത്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ ഇടപാട് നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam