
ചെന്നൈ: ചെന്നൈയിൽ വീണ്ടും ദാരുണമായ കൊലപാതകം. ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കിയതാണ് പുതിയ വാർത്ത. തിരുവട്ടിയൂർ മണലി സ്വദേശി ചക്രപാണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ടുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്നതാണ് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ അതി ദാരുണമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. എംകെ വാർഡ് ഭാരവാഹിയായ ചക്രപാണിയെ ഈ മാസം പത്ത് മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്.
രായപുരം ഗ്രേസ് ഗാർഡന് സമീപം ചക്രപാണിയുടെ ഇരുചക്രവാഹനം പൊലീസ് കണ്ടെത്തി. രണ്ടാം സ്ട്രീറ്റിലെ വീടിന് സമീപം മൊബൈൽ ഫോണുണ്ടെന്നും കണ്ടെത്തിയ പൊലീസ് തുടർന്ന് നടത്തിയ തെരച്ചിലിൽ ശുചിമുറിയിൽ നിന്നും കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ചക്രപാണിയുടെ മൃതശരീരം കണ്ടത്തു. മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല.
പലിശയ്ക്ക് പണം കൊടുക്കുന്ന ചക്രപാണിക്ക് ഇടപാടുകാരിയായ തമീൻ ബാനു എന്ന വീട്ടമ്മയുമായി ബന്ധമുണ്ടായിരുന്നു. ഇവരെ കാണാൻ എത്തിയത് ചോദ്യം ചെയ്ത സഹോദരൻ വസീം പാഷയുമായുണ്ടായ തർക്കമാണ് കയ്യേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചത്. ചക്രപാണിയുടെ അറുത്തെടുത്ത തല അഡയാർ പാലത്തിൽ നിന്ന് കൂവം നദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് വസീം പാഷ പൊലീസിനോട് സമ്മതിച്ചു. ഇതിനായി കൂവം നദിയിൽ തെരച്ചിൽ തുടരുകയാണ്.
രണ്ട് ദിവസം മുമ്പാണ് കൊല നടന്നെതെന്നാണ് പൊലീസിന്റെ നിഗമനം. ദൂരെ എവിടെയെങ്കിലും ഉപേക്ഷിക്കാൻ തക്കം നോക്കിയാണ് മൃതദേഹം വെട്ടിമുറിച്ച് ശുചിമുറിയിൽ സൂക്ഷിച്ചിരുന്നത്. തമീൻ ബാനുവിനേയും വസീം പാഷയേയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ദില്ലി ബാബു എന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കായി അന്വേഷണം തുടരുകയാണ്.
അരുവിക്കരയിൽ 65-കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ
തിരുവനന്തപുരം: അരുവിക്കരയിൽ 65 കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ. കൊച്ച് പ്ലാമൂട് വീട്ടിൽ സുരേന്ദ്രൻപിള്ളയാണ് മരിച്ചത് മകൻ സന്തോഷിന്റെ മർദ്ദനമേറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി. അച്ഛന്റെ മദ്യപാനത്തെ ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേന്ദ്രൻ പിള്ളയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ കഴിഞ്ഞെത്തിയ വൃദ്ധൻ വ്യാഴാഴ്ച വീട്ടിൽ വെച്ച് മരിക്കുകയുംചെയതു. മരണത്തിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
അടിവയറ്റിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്. തടർന്ന് നടത്തിയ അനേഷണത്തിലാണ് മകൻ സന്തോഷ് അറസ്റ്റിലായത്. മരിച്ച സുരേന്ദ്രൻ പിള്ള മദ്യലഹരിയിൽ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനെപ്പറ്റി നാട്ടുകാർ മകനോട് പാരതിപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് വീട്ടിൽ വച്ചുണ്ടായ തർക്കമാണ് മരണകാരണമായ മർദ്ദനത്തിൽ കലാശിച്ചത്. പ്രതി സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.