തിരുവനന്തപുരത്ത് യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ സദാചാര ഗുണ്ടാ ആക്രമണം

Published : Jan 12, 2020, 03:25 PM ISTUpdated : Jan 12, 2020, 03:30 PM IST
തിരുവനന്തപുരത്ത് യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ സദാചാര ഗുണ്ടാ ആക്രമണം

Synopsis

സദാചാര പൊലീസിന്‍റെ രീതിയില്‍ പൊലീസും പെരുമാറിയെന്ന് യുവതി കുറിപ്പില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയെത്തിയ യുവതിക്ക് നേരെ സദാചാര പൊലീസ് ആക്രമണം. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. രാത്രി ഒമ്പതരയോടെയാണ് യുവതിയും രണ്ട് ആണ്‍ സുഹൃത്തുക്കളും ബീച്ചിലെത്തിയത്. ഏകദേശം രാത്രി 11.30 ആയപ്പോള്‍ ഒരു സംഘം തന്നെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്തിനെയും ആക്രമിച്ചെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പൊലീസും മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു.

സദാചാര പൊലീസിന്‍റെ രീതിയില്‍ പൊലീസും പെരുമാറിയെന്ന് യുവതി കുറിപ്പില്‍ വ്യക്തമാക്കി. രാത്രി എന്തിനാണ് ബീച്ചില്‍ പോയത് തുടങ്ങിയ ചോദ്യങ്ങള്‍ പൊലീസ് ഉന്നയിച്ചെന്ന് യുവതി ആരോപിച്ചു. വലിയതുറ പൊലീസിലാണ് പരാതി നല്‍കിയത്. ആക്രമിക്കുന്ന ദൃശ്യങ്ങളും യുവതി പങ്കുവെച്ചു.  പൊലീസിനെതിരെയും യുവതി വിമര്‍ശനമുന്നയിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഇന്ന് രാത്രി 9.30 തൊട്ട് ഞാനും രണ്ട് സുഹൃത്തുക്കളും ശംഖുമുഖം ബീച്ചിൽ ഇരിക്കുകയായിരുന്നു. ഏകദേശം 11.30-11.45 ആയപ്പോൾ ഞങ്ങൾ അവിടെ നിന്നും പോരാൻ എണീറ്റപ്പോൾ രണ്ട് പേർ ഞങ്ങളിരുന്നിടത്തേക്ക് കടന്നു വരികയും ഞങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. "ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ" എന്നൊക്കെയാണ് അവർ ചോദിച്ചത്.
അതെന്താ ചേട്ടാ ഇത് പബ്ലിക് സ്പേസ് അല്ലേ...ഇവിടെ ഇരുന്നാൽ എന്താ പ്രശ്നം എന്ന് ഞാൻ തിരിച്ച് ചോദിച്ചപ്പോൾ "ഇത് ഞങ്ങളുടെ ഏരിയ ആണ്..ഇവിടെ നിന്ന് നീ ഡയലോഗ് അടിക്കാൻ ശ്രമിക്കണ്ട..പോ " എന്നൊക്കെ പറഞ്ഞ് എന്‍റെ നേരേ ചീറി വന്നു അവർ.

അവരെ കണ്ടപ്പോൾ കഞ്ചാവ് അടിച്ചപോലെ ഉണ്ടായിരുന്നു. ഇത് പബ്ലിക്ക് സ്പേസാണ് ഇവിടെ ഇരിക്കാൻ എനിക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞപ്പോൾ അവരുടെ കൂടെ ഉള്ള കുറേ ആളുകൾ സംഘം ചേർന്ന് വരികയും അക്രമിക്കുകയും ചെയ്തു. എന്നെ അക്രമിക്കുന്നത് കണ്ട് കൂടെ ഉള്ള **** വീഡിയോ എടുക്കാൻ തുനിഞ്ഞപ്പോൾ അവർ അവനെ കൈയ്യേറ്റം ചെയ്യുകയും കഴുത്തിന് കുത്തിപിടിക്കുകയും ചെയ്തു.

തുടർന്ന് എന്നെ കേട്ടാൽ അറക്കാത്ത തെറി പറയുകയും ചെയ്തു. സദാചാര ഗുണ്ടായിസം എന്നൊക്കെ കേട്ടിട്ടേ ഉളളൂ..ആദ്യമായി അത് അനുഭവിച്ചു. അതും തിരുവനന്തപുരത്ത് ഒരു പബ്ലിക് സ്പേസായ ശംഖുമുഖം ബീച്ചിൽ വെച്ച്. നൈറ്റ് വാക്കിനെ ഒക്കെ പ്രമോട്ട് ചെയ്യുന്ന ഈ സമയത്ത് ഒരു പബ്ലിക് സ്പേസിൽ പോലും സ്ത്രീ സുരക്ഷിത അല്ല. എന്റെ സ്ഥാനത്ത് ഒരു പെൺകുട്ടി അവിടെ ഒറ്റക്ക് ഈ സമയത്ത് ഇരുന്നിട്ടുണ്ടെങ്കിൽ എന്താകുമായിരുന്നു സ്ഥിതി...?

സംഭവം നടന്നത് 11-45 -12 മണിക്കാണെങ്കിലും കൂട്ടുകാരേ കൂട്ടി ചെന്ന് ഞങ്ങൾ കംപ്ലെയിന്റ് കൊടുത്തപ്പോൾ സമയം ഒന്നര ആയി. ഏതായാലും വലിയ തുറ പോലീസ് സ്റ്റേഷനിൽ കംപ്ലെയിന്‍റ് കൊടുത്തിട്ടുണ്ട്. കംപ്ലെയിന്‍റ് കൊടുക്കാൻ പോയപ്പോളാണ് നിങ്ങളന്വേഷിച്ച മാടമ്പളളിയിലെ യഥാർഥ മനോരോഗി ആരാണെന്ന് ശരിക്കും അറിഞ്ഞത്.

എന്തിനാണ് പതിനൊന്നരക്ക് ബീച്ചിൽ പോയിരുന്നത്? അവിടം സുരക്ഷിതമല്ലെന്ന് അറിയില്ലേ ? എന്‍റെ കൂടെ സ്റ്റേഷനിൽ വന്നവരോട് "നിങ്ങൾക്കൊരു മകൾ ഉണ്ടെങ്കിൽ ഈ സമയത്ത് പുറത്ത് വിടുമോ'?' 11.45 ന് നടന്ന സംഭവത്തിൽ നിങ്ങൾ ഓൺ ദ സ്പോട്ട് പരാതി തരാതെ ഇത്ര താമസിച്ച് വന്നത് എന്തുകൊണ്ട്? ഇപ്പോളാണോ കംപ്ലെയിന്റ് ചെയ്യാൻ വരുന്നത്? ഇങ്ങനെ ഉളള നല്ല അടിപൊളി ക്വസ്റ്റ്യൻ ആണ് നേരിട്ടത്.

ഒരു സ്ത്രീ തനിക്ക് നേരിട്ട ദുരനുഭവം ചെന്ന് പറയുമ്പോൾ അത് അവർക്കൊരു വിഷയമേ അല്ല. അവരുടെ ചോദ്യം എന്തിന് കടൽ തീരത്ത് ദൂരെ രാത്രിയിൽ പോയിരുന്നത് എന്നാണ്. അതിൽ ഒരു പോലീസ്കാരൻ "ഞാൻ ഒരച്ഛനാണ്.എന്റെ മക്കളെ ഞാനൊരിക്കലും രാത്രി ഇങ്ങനെ വിടില്ല' എന്നൊക്കെ ഉളള ഡയലോഗ് വരെ അടിച്ചു. എന്‍റെ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് 17,18 വയസ്സാണ് പ്രായം. ഈ പ്രായത്തിൽ രാത്രിയിൽ ഇറങ്ങി നടക്കുന്നത് എന്തിന്? പാരൻസിന്റെ പെർമിഷൻ ഉണ്ടോ? ഇങ്ങനെ ഒരായിരം qns അവന്മാരോടും.

അവിടുത്തെ എസ് ഐയിൽ മാത്രമാണ് എന്‍റെ പ്രതീക്ഷ. പരാതി സ്വീകരിച്ച ഉടനെ അദ്ദെഹം ബീച്ചിലാകെ പോയി തിരച്ചിൽ നടത്തിയിട്ടുണ്ട്. ഏതായാലും നാളെ ഒമ്പതരയോടുകൂടി സ്റ്റേഷനിലേക്ക് പോകണം. ഈ വീഡിയോയിൽ കാണുന്ന ചുവന്ന ഷർട്ടിട്ട ആളാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങി വെച്ചത്.

എല്ലാം കഴിയുമ്പോൾ എന്‍റെ ചോദ്യം ഇതാണ്. ഇവിടെ എന്തിനാണ് പോലീസ്? ബീച്ച് രാത്രി സുരക്ഷിതമല്ല എന്ന് ഉപദേശിക്കാനോ അതോ കഞ്ചാവ് അടിച്ച് ബാക്കിയുളളവരെ ഉപദ്രവിക്കുന്ന ആളിനെ കണ്ട് പിടിക്കാനോ? ഏതായാലും ഇനി ഞാൻ ഒരു കാര്യം ഉറപ്പിച്ചു. ക്രൂരമായി ബലാൽസംഘത്തിന് ഇരയായാൽ പോലും പോലീസ് സ്റ്റേഷനിൽ കംപ്ലെയിന്‍റ് കൊടുക്കാൻ പോകില്ല. വനിതാ സൗഹൃദ പോലീസ് സ്റ്റേഷൻ വെറും തേങ്ങയാണ്.

നൈറ്റ് വാക്ക് ഒക്കെ ഓർഗനൈസ് ചെയ്ത ആൾക്കാർ ഒക്കെ ഇതുകൂടി ഒന്ന് നോട്ട് ചെയ്യുമല്ലോ അല്ലേ..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്