
മഞ്ചേരി: കാമുകനുമൊന്നിച്ച് ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും. കൽപ്പകഞ്ചേരി പുത്തനത്താണി ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ റഫീഖിന്റെ ഭാര്യ ആയിഷ(43)യെയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2013 ഡിസംബർ 18നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഭര്‍ത്താവ് റഫീഖ് വിദേശത്തായിരുന്ന സമയത്ത് ഓട്ടോ ഡ്രൈവർ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയുമായി വീട്ടമ്മയ്ക്ക് ബന്ധം സ്ഥാപിച്ചു.
ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് ഒരുമിച്ച് ജീവിക്കുന്നതിന് കുട്ടികള്‍ തടസ്സമാകുമെന്ന് തോന്നിയത്. ഒമ്പതും ഏഴും പ്രായമുള്ള മക്കളെ കൊലപ്പെടുത്താന്‍ അങ്ങനെയാണ് ആയിഷ തീരുമാനിക്കുന്നത്. ഒമ്പതുകാരനായ മുഹമ്മദ് ഷിബിനേയും ഏഴ് വയസുകാരിയായ ഫാത്തിമ റഫീദയേയും മദ്രസയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിയിലുള്ള ആഴമേറിയ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ കുട്ടികളുടെ കൊലപാതക വിവരം അറിഞ്ഞതോടെ കാമുകന്‍ ഭയന്ന് പിന്മാറി.
തിരിച്ച് വീട്ടിലെത്തിയ ആയിഷ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇവരെ ജീവപരന്ത്യം ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും അയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവർ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി (35)യെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam