
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ അല്ലാതെ തൊടുന്നത് മാനഭംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് ഇത്തരമൊരു കേസിൽ 28-കാരനായ പ്രതിയെ വെറുതെവിട്ടുകൊണ്ട് നിരീക്ഷണം നടത്തിയത്. മാര്‍ച്ച് 10-ന് പ്രസ്താവിച്ച വിധിയുടെ പകര്‍പ്പ് ഇന്നലെ പ്രതിക്ക് ലഭിച്ചു. 2012 -ൽ പ്രതിക്ക് 18 വയസുള്ളപ്പോൾ നടന്ന സംഭവത്തിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 12 വയസുകാരിയെ മാനഭംഗപ്പെടുത്തുന്ന തരത്തിൽ പെരുമാറിയെന്നായിരുന്നു ആരോപണം. 'പെൺകുട്ടിയുടെ മുതുകിലും തലയിലും തലോടി നീയങ്ങ് വളര്‍ന്നല്ലോ എന്ന് പറഞ്ഞു'- എന്നതായിരുന്നു യുവാവിനെതിരായ ആരോപണം.
കേസ് പരിഗണിച്ച ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രതിയുടെ പ്രവൃത്തിയിൽ ലൈംഗിക താൽപര്യമില്ലായിരുന്നു എന്നും, പെൺകുട്ടിയെ കുട്ടിക്കാലത്ത് പ്രതി കണ്ട് പരിചയപ്പെട്ടിരുന്നതായും നീരീക്ഷിച്ചു. സ്ത്രീയുടെ മാനത്തിന് ഭംഗം വരുത്തുന്നു എന്നാൽ, അതിന് അങ്ങനെ ഒരു ഉദ്ദേശ്യത്തോടെ ചെയ്യുമ്പോൾ ആണ്. എന്നാൽ ഇവിടെ പെൺകുട്ടിയുടെ മുതുകിലും തലയിലും തലോടിയതിൽ കൂടുതൽ ഒന്നും ചെയ്തതായി പ്രോസിക്യൂഷനും പറയുന്നില്ല.
ബാധിക്കപ്പെട്ട 12 വയസുള്ള പെൺകുട്ടിയും പ്രതിയുടെ അത്തരമൊരു ഉദ്ദേശ്യത്തെ കുറിച്ച് പറയുന്നില്ല. പ്രതി പെൺകുട്ടിയെ സ്പര്‍ശിച്ചപ്പോൾ, അവൾ ഭയപ്പെട്ടു, അസ്വസ്ഥയാക്കപ്പെട്ടു എന്നാണ് പറയുന്നത്. മുതുകിലും തലയിലും തലോടിക്കൊണ്ട് നീ വളര്‍ന്നല്ലോ എന്നാണ് പറഞ്ഞത് എന്ന് പെൺകുട്ടി തന്നെ പറയുന്നു. ഇതിൽ എങ്ങനെയാണ് സെക്ഷൻ 354 ചേര്‍ക്കാൻ സാധിക്കുകയെന്നും, അതെങ്ങനെ തെളിയിക്കുമെന്നും കോടതി വിസ്താരത്തിനിടെ ചോദിച്ചു. പ്രതിയുടെ മൊഴി പ്രകാരം കുട്ടിക്കാലത്ത് പെൺകുട്ടിയെ കണ്ടതായി വ്യക്തമാണ്. അതുകൊണ്ട് ഈ കാഴ്ചയിൽ അവൾ വളര്‍ന്നിട്ടുണ്ടാകും.
18 വയസുള്ള പ്രതി പെൺകുട്ടിയുടെ വീട്ടിൽ ചില രേഖകൾ നൽകാനായി വന്നു. ഈ സമയം 12-കാരിയായ അവൾ മാത്രമായരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയം പെൺകുട്ടിയുടെ മുതുകിലും തലയിലും തലോടിക്കൊണ്ട്, പ്രതി 'നീ അങ്ങ് വളര്‍ന്നല്ലോ' എന്ന് പറഞ്ഞു. ഇതിൽ അസ്വസ്ഥയായ പെൺകുട്ടി ഉറക്കെ സഹായത്തിനായി കരഞ്ഞു എന്നാണ് 2012 മാര്‍ച്ച് 15-ലെ പ്രോസിക്യൂഷൻ കേസ്. വിചാരണക്കോടതി ആര് മാസത്തേക്ക് ശിക്ഷിച്ച കേസിൽ യുവാവ് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. പ്രഥമദൃഷ്ട്യാ, ലൈംഗിക ഉദ്ദേശത്തോടെയല്ല പ്രതിയുടെ പ്രവൃത്തിയെന്ന് വ്യക്തമായിട്ടും, ശിക്ഷ വിധിച്ച വിചാരണ കോടതിക്ക് തെറ്റുപറ്റിയെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്.